സംസ്ഥാനവനാവരണത്തിൽ ദേശീയലക്ഷ്യം കൈവരിക്കും: മന്ത്രി എ. കെ. ശശീന്ദ്രൻ

സംസ്ഥാനഭൂവിസ്തൃതിയുടെ 33 ശതമാനം വനാവരണമാക്കണമെന്ന ദേശീയ ലക്ഷ്യം വൈകാതെ കൈവരിക്കാനാകുമെന്ന് വനം -വന്യജീവി മന്ത്രി എ. കെ. ശശീന്ദ്രൻ. നിലവിൽ കേരളത്തിന്റെ വനാവരണം 29.5 ശതമാനമാണ്. ശേഷിക്കുന്ന നാലുശതമാനം വനാവരണ വർദ്ധനവ് കൈവരിക്കുന്നതിന് വനേതരപ്രദേശത്തെ വനവൽക്കരണസാധ്യതകൾ കൂടി ഉപയോഗപ്പെടുത്തുന്ന നിരവധി പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള ഏഴു നഗരവനങ്ങളുടെയും മൂന്ന് ഫോറസ്ട്രി ക്ലബ്ബുകളുടെയും ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വനത്തിന് പുറത്ത് വ്യത്യസ്ത വനമേഖലകൾ സ്ഥാപിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് നഗരവനം, വിദ്യാവനം പോലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. വനങ്ങളുടെ ചെറുമാതൃകകൾ നഗരങ്ങളിൽ പുനഃസൃഷ്ടിക്കുന്ന നഗരവനം പദ്ധതി നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണപ്രശ്നങ്ങൾക്ക് പരിഹാരം കൂടിയാണ്.
തദ്ദേശീയ വൃക്ഷ തൈകൾ മാത്രമുപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിക്ക് സ്‌കൂൾ,കോളജ് വിദ്യാർഥികൾ, റെസിഡൻസ് അസോസിയേഷനുകൾ, പരിസ്ഥിതി ക്ലബ്ബുകൾ, പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. വിദ്യാർത്ഥികൾ തൈകളുടെ തുടർപരിപാലനവും അതിജീവനവും ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കൗൺസിലർ ചെമ്പഴന്തി ഉദയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോഷ്യൽ ഫോറസ്ട്രി അഡീ.പിസിസിഎഫ് ഇ.പ്രദീപ്കുമാർ, സി എഫ് ത്യാഗരാജൻ, എസിഎഫ്മാരായ ജെ ആർ അനി, സന്തോഷ്‌കുമാർ.ഗുരുകുലം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ജയാബിനി, ചെമ്പഴന്തി എസ്എൻ കോളജ് പ്രിൻസിപ്പൽ ഡോ.എസ്.അനിൽ കുമാർ,പിടിഎ പ്രസിഡന്റ് ലാൽ പ്രസാദ്, എസ്എൻ ട്രസ്റ്റ് മാനേജ്മെന്റ് പ്രതിനിധി ഡി.പ്രേംരാജ്, എസ്എൻ ട്രസ്റ്റ് മെംബർ ചെമ്പഴന്തി ശശി, സ്റ്റാഫ് സെക്രട്ടറി എ.പി.പ്രസന്നൻ, ഹെഡ്മിസ്ട്രസ് ഒ.എച്ച്.സീന തുടങ്ങിയവർ പങ്കെടുത്തു. രണ്ട് സ്‌കൂളുകളിലെയും ഒരു ബി.എഡ് കോളജിലെയും ഫോറസ്ട്രി ക്ലബ്ബുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.