സില്‍വര്‍ലൈനിന് വേണ്ടി കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കുന്നുവെന്ന് പ്രതിപക്ഷം; ഏറ്റവും കൂടുതല്‍ സഹായം നല്‍കിയ സര്‍ക്കാരെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സില്‍വര്‍ലൈനിന് വേണ്ടി സാധാരണ ജനങ്ങളുടെ ഗതാഗത സംവിധാനമായ കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാനല്ല, അതിനെ പുനഃസംഘടിപ്പിച്ച് കൂടുതല്‍ മെച്ചപ്പെട്ട നിലയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ഒരു സര്‍ക്കാരും ഇതുവരെ നല്‍കാത്ത സഹായമാണ് പിണറായി സര്‍ക്കാര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ലാഭകരമായ റൂട്ടുകള്‍ ഉള്‍പ്പെടുത്തി സ്വിഫ്റ്റ് എന്ന കമ്പനി രൂപീകരിച്ചത് കെ.എസ്.ആര്‍.ടി.സിയെ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തിരപ്രമേയ അവതരണാനുമതി നോട്ടീസിലാണ് മന്ത്രിയും പ്രതിപക്ഷവും നിലപാടുകള്‍ വ്യക്തമാക്കിയത്.
കോവിഡ് പ്രധാനമായും പൊതുഗതാഗത സംവിധാനത്തെയാണ് ബാധിച്ചതെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. എന്നാലും കെ.എസ്.ആര്‍.ടി.സി പിടിച്ചുനില്‍ക്കുന്നുണ്ട്. 2016 മാര്‍ച്ച് 15ന് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം 4.99 കോടി രൂപയായിരുന്നെങ്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് ഈ പരിമിതികളെല്ലാം ഉണ്ടായിരുന്നിട്ടും കെ.എസ്.ആര്‍.ടി.സിക്ക് 5.98 കോടി രൂപയുടെ വരുമാനമുണ്ടായി. ഇത് യു.ഡി.എഫിന്റെ കാലത്തുണ്ടായ ഒരു ദിവസത്തെ പരമാവധി വരുമാനത്തിനെക്കാള്‍ കൂടുതലാണ്.
കോവിഡ് മൂലം ജനങ്ങള്‍ എ.സി. ബസുകളില്‍ കയറാത്തതിനാല്‍ കുറേബസുകള്‍ ഓടിക്കാതെ മാറ്റിയിട്ടിട്ടുണ്ട്. കേരളത്തിലെ സ്വകാര്യ ബസ്മേഖല ഈ കാലയളവില്‍ സര്‍വീസില്‍ 44% നിര്‍ത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി 85% വും സര്‍വീസ് നടത്തുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ സിറ്റിസര്‍വീസുകള്‍ പൂര്‍ണ്ണമായും വൈദ്യുതി ബസുകള്‍ ആക്കുന്നതിന്റെ ഭാഗമായി ആദ്യമായി തലസ്ഥാനത്ത് 50 വൈദ്യുതിബസുകള്‍ ഉടന്‍ സര്‍വീസ് തുടങ്ങും. 500 സി.എന്‍.ജി ബസുകള്‍ ഉള്‍പ്പെടെ1436 ബസുകള്‍ അടുത്ത ആറുമാസത്തിനുള്ളില്‍ വാങ്ങും. ഇനിയൂം ബസുകള്‍ എത്തിയിട്ടില്ലാത്തിടങ്ങളിലും ഗ്രാമങ്ങളിലും യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള ഗ്രാമവണ്ടികളും ഉടന്‍ സര്‍വീസ് ആരംഭിക്കും ഇപ്പോള്‍ സര്‍ക്കാര്‍ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കി. പുനരുദ്ധാരണ പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു. കെഎസ്ആര്‍ടിസി ഭൂമി പാട്ടത്തിനു കൊടുത്തത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ്. കോര്‍പറേഷന്റെ ഭാഗമായ സ്വിഫ്റ്റ് കമ്പനിഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സ്വിഫ്റ്റെന്ന പുതിയ കമ്പനി എന്തിനെന്നു അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദിച്ചു. പുതിയ കമ്പനിയാണ് വലിയ പ്രശ്നം. കെ.എസ്.ആര്‍.ടി.സിയെ പരിതാപകരമാക്കിയത് സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ്. സില്‍വര്‍ലൈനിനു വേണ്ടി കെ.എസ്.ആര്‍.ടി.സിയെ തഴയുന്നു. 3300 ബസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കി.
44,000 തൊഴിലാളികള്‍ 27,000 ആയി. തൊഴിലാളികളെ പിരിച്ചുവിട്ട് സ്വിഫ്റ്റിലൂടെ പിന്‍വാതില്‍ നിയമനം നടത്തുകയാണ്. ആറു കോടി ഉണ്ടായിരുന്ന പ്രതിദിന വരുമാനം നാലു കോടിയായി. സ്വിഫ്റ്റ് കമ്പനി കെ.എസ്.ആര്‍.ടി.സിയെ ഉന്മൂലനം ചെയ്യാനാണ്. അതിന്റെ നടപടികള്‍ നിര്‍ത്തി വയ്ക്കണം. അശ്വത്ഥാമാവായ കെ റെയില്‍ വരുമെന്ന പ്രതീക്ഷ കൊണ്ട് ആനവണ്ടിയായ കെ.എസ്.ആര്‍.ടി.സിയെ കുത്തിക്കൊല്ലരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ദയാവധത്തിലേക്കു തള്ളിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. സില്‍വര്‍ലൈനിന് പണം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. കണ്‍സഷന്‍ സംബന്ധിച്ച മന്ത്രിയുടെ പ്രസ്താവന ഇടതുപക്ഷത്തിന് യോജിച്ചതല്ല. ഒരു നേരത്തെ ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്ത കുട്ടികളുണ്ട്. അവര്‍ അഞ്ചും പത്തും രൂപ നല്‍കി ടിക്കറ്റ് എടുത്ത് സ്‌കൂളുകളില്‍ പോകണമെന്ന് പറയുന്ന സമീപനം ഇടതുപക്ഷനിലപാടിന് യോജിച്ചതല്ല. ലാഭമുള്ള സര്‍വീസുകള്‍ സ്വിഫ്റ്റിനു നല്‍കുകയാണ്. ഇതിലൂടെ 85% വരുന്ന മറ്റ് സര്‍വീസുകള്‍ ഓടിക്കുന്ന കെ.എസ്.ആര്‍.ടി.സി സ്വാഭാവികമരണത്തിലേക്ക് പോകുമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.