പിണറായി വിജയനെതിരായ ഒരു കേസിലും ശരിയായ അന്വേഷണം നടക്കാത്തത് അത്ഭുതകരവും വിചിത്രവും: ബെന്നി ബെഹനാന്‍ എം.പി

തിരുവനന്തപുരം: പിണറായി വിജയനെതിരായ ഒരു കേസിലും ശരിയായ അന്വേഷണം ഉണ്ടാകുന്നില്ലെന്നത് അത്ഭുതകരവും വിചിത്രവുമെന്ന് ബെന്നി ബെഹ്നാന്‍ എം.പി. ഇത്രയും സംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടാന്‍ സി.പി.എം നേതാക്കള്‍ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരായ അടിസ്ഥാന രഹിതമായ ആരോപണങ്ങളിന്മേല്‍ എ.ഐ.സി.സി ആസ്ഥാനത്തടക്കം കയറി രാഷ്ട്രീയഭീകരാന്തരീക്ഷം സൃഷ്ടിച്ച്, പ്രവര്‍ത്തക സമിതി അംഗങ്ങളെയും എം.പിമാരെയും മര്‍ദ്ദിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകുന്ന കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയുടെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണം നടത്തുന്നില്ല. ഇത് അത്ഭുതകരമാണ്. പിണറായി വിജയനെതിരായ എല്ലാ കേസിന്റെയും ഗതി ഇതാണ്. ലാവ്ലിന്‍ കേസ് 30 തവണ മാറ്റിവച്ചു. പിണറായി വിജയനെ സംരക്ഷിക്കുകയാണ് ബി.ജെ.പി. ഒരു ഭാഗത്ത് രാഷ്ട്രീയ പ്രതിയോഗികളെ അകത്താക്കാന്‍ ഇ.ഡിയെ ഉപയോഗിക്കുകയും മറുഭാഗത്ത് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനും അടുത്ത് നിര്‍ത്താനും ഇ.ഡിയെ ഉപയോഗിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇവിടെ പ്രകടമാകുന്നത്. ബി.ജെ.പി-മാര്‍ക്സിസ്റ്റ് പാര്‍ട്ടി അന്തര്‍ധാര ഇതിലെല്ലാം പ്രകടമാണ്.

കേന്ദ്ര ഏജന്‍സികള്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയാന്‍ താത്പ്പര്യമുണ്ട്. നാലു ഏജന്‍സികളും നടത്തി വന്ന അന്വേഷണം നിന്നുപോയി. സെപ്റ്റംബര്‍ മാസം പാരാതി നല്‍കിയിട്ടും കസ്റ്റംസിന്റെ ഒരു അന്വേഷണവും നടക്കാത്തിതിന്റെ പേരിലാണ് ഇപ്പോള്‍ സ്വ്പന വെളിപ്പെടുത്തലുമായി വീണ്ടും വന്നിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ നിലപാട് എന്താണെന്ന് അറിയാന്‍ താത്പ്പര്യമുണ്ട്. കേസ് അന്വേഷണം മുഴുവന്‍ നിര്‍ത്തിയ മട്ടിലാണ്. അതിന് കാരണമെന്താണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ ദുരുപയോഗം ചെയ്യുന്നവരാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ള ബി.ജെ.പി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്നയുടെ ഭാഗത്തു നിന്നും ഇത്രയും ഗുരുതരമായ വെളിപ്പെടുത്തല്‍ ഉണ്ടായിട്ടും അവര്‍ എന്തുകൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ല.

ഇവിടെ മുഖ്യമന്ത്രി തന്നെയാണ് സംശയത്തിന്റെ നിഴലില്‍. നിയമപരമായ നടപടികള്‍ സ്വീകരിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇതാണ് മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും. മുഖ്യമന്ത്രിക്ക് ആദ്യം പറഞ്ഞതൊക്കെ തിരുത്തേണ്ടിവന്നു. സ്വപ്‌നയെ അറിയില്ലെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടിവന്നു. ഇത്തരമൊക്കെ സംഭവങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയോ കുടുംബാംഗങ്ങളോ ആരും തന്നെ മാനഷ്ട കേസ് നല്‍കാന്‍ മുന്നോട്ടുവരുന്നില്ല. പ്രതിഷേധിക്കുന്ന ആളുകളെ മര്‍ദ്ദിക്കുകയും കേസെടുപ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കി പോലീസ് രാജ് നടപ്പാക്കാനാണ് ശ്രമിക്കുന്നത്.

ഇത്രയൊക്കെ സംഭവങ്ങളുണ്ടായിട്ടും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ ആവശ്യപ്പെടാന്‍ സി.പി.എമ്മിലേയും ഇടത് മുന്നണിയിലേയും ഒരു നേതാവും എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല. മാനഷ്ടകേസ് കൊടുത്ത് തീര്‍ക്കാമായിരുന്ന വിഷയമല്ലേ ഇത്. അതിനു പകരം മുഖ്യമന്ത്രി ഫാസിസ്റ്റ് ഏകാധിപതിയെപ്പോലെ അധികാരം ഉപയോഗിച്ച് ജനങ്ങളെ തന്നെ വെല്ലുവിളിക്കുകയാണ്. പിണറായി വിജയന്റെ സമീപനം ശരിയാണോയെന്ന് സി.പി.എം അണികള്‍ ചിന്തിക്കണം. ചിന്തിക്കാന്‍ കഴിയുന്ന രാഷ്ട്രീയബോധമുള്ള നേതാക്കന്മാര്‍ സി.പി.എമ്മിനില്ലേ? 

ആരോപണം ഉണ്ടായപ്പോള്‍ തനിക്ക് മാനനഷ്ടമുണ്ടായി എന്ന് പൂര്‍ണ്ണമായി വിശ്വാസമുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് മാനനഷ്ട കേസിന് പോകാമായിരുന്നു. അതല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് പോകാമായിരുന്നു. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചു. ഉമ്മന്‍ചാണ്ടി മാനനഷ്ടക്കേസിന് പോകാന്‍ തയ്യാറായി. അതില്‍ വിജയിച്ചു. അച്യുതാനന്ദന്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു. അങ്ങനെ ചെയ്ത ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ട്. പിണറായി വിജയനും വേണമെങ്കില്‍ അങ്ങനെ ചെയ്യാമായിരുന്നു.

സ്വപ്ന നല്‍കിയ 164(5) മൊഴിക്ക് എവിഡന്‍ഷറി വാല്യു ഉണ്ട്. മജിസ്ട്രേറ്റിന് ബോധ്യമായാല്‍ മാത്രമെ ആ മൊഴി രേഖപ്പെടുത്തുകയുള്ളൂ. നിയമപരമായ നടപടി ക്രമമാണത്. ആ നിയമപരമായ നടപടി ക്രമത്തിന് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ ചെയ്യാമായിരുന്നത് ഇതിനെ നിയമപരമായി തന്നെ നേരിടാമായിരുന്നു. ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമായിരുന്നു. അതിനു പകരം മൊഴികൊടുക്കുന്ന സ്വപ്ന സുരേഷിനെതിരെ 120(ബി)യും 153 വകുപ്പ് പ്രകാരവും കേസെടുത്തു. അവരുടെ സുഹൃത്തായ സരിത്തിനെ തട്ടികൊണ്ടുപോയി. കെ.ടി.ജലീലിനെ കൊണ്ട് കേസ് കൊടുപ്പിച്ചു. ഷാജ് കിരണിനെ ഒത്തുതീര്‍പ്പിനു വിട്ടു. വക്കീലിനെതിരെ കേസെടുത്തു. ഇതില്‍ കേസെടുക്കാന്‍ എന്താണുണ്ടായത്. 120(ബി) എന്നാല്‍ ഗൂഢാലോചനയാണ്. രണ്ടോ അതില്‍ കൂടുതല്‍ പേരോ സംഘം ചേര്‍ന്ന് നിയമവിരുദ്ധമായകാര്യം ചെയ്യാന്‍ തീരുമാനിക്കുകയും അതിനൊരു കരാറിലെത്തുകയും അത് നടപ്പാക്കുകയും ചെയ്യണം. അങ്ങനെ ഒരു കേസ് വന്നിട്ടുണ്ടുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ വധകേസില്‍ കുഞ്ഞനന്തെതിരെ കേസെടുത്ത് ഇതേവകുപ്പ് പ്രകാരമാണ്. ഇവിടെ എന്ത് ഗൂഢാലോചനയാണ് നടന്നത് എന്നതിന് ഒരു തെളിവുമില്ല.

153 വകുപ്പ് പ്രകാരം കേസെടുത്തത് വിവേക ശൂന്യമായി കലാപത്തിന് ആഹ്വനം ചെയ്തു എന്നതിന്റെ പേരിലാണ്. ഇവിടെ എന്ത് കലാപമുണ്ടായി. സോളാര്‍ കേസില്‍ എത്രയോ സമരങ്ങള്‍ നടന്നു. അപ്പോഴൊന്നും ഇത്തരത്തില്‍ കേസെടുത്തിരുന്നില്ലല്ലോ. പിടിച്ചു നില്‍ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്താതുകൊണ്ടാണ് ഇത്തരത്തില്‍ കേസെടുത്തത് മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി പോലീസ് എന്തൊക്കെയാണ് ചെയ്തത്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ, നോട്ടീസ് കൊടുക്കാതെ, വാറന്റ് കൊടുക്കാതെ സരിത്തിനെ പിടിച്ചുകൊണ്ടുപോയി. ലൈഫ് മിഷന്‍ കേസിന്റെ പേരിലാണ് പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ ചോദിച്ചതെല്ലാം സ്വപ്നയുടെ വെളിപ്പെടുത്തലിനെ കുറിച്ചും. ആരോപണ വിധേയനായ വ്യക്തിക്ക് വേണ്ടി പോലീസ് വിജിലന്‍സിനെ ദുരുപയോഗം ചെയ്യുകയാണുണ്ടായത്.

അവസാനഘട്ടം വന്നപ്പോള്‍ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലമാറ്റി. അങ്ങനെയെങ്കില്‍ തട്ടിക്കൊണ്ടുപോകലിന് ഉത്തവിട്ടതാര്. മുഖ്യമന്ത്രി അറിയാതെ ഉത്തരവിട്ടാല്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ. ഉദ്യോഗസ്ഥനെതിരെ നടപടി എത്താല്‍ മാത്രം മതിയോ. കെ.ടി.ജലീല്‍ അപകീര്‍ത്തിപ്പെടുത്തിയെന്നതിന് കേസ് കൊടുക്കേണ്ടത് പോലീസ് സ്റ്റേഷനിലല്ലേ. മുഖ്യമന്ത്രിയെ കുറിച്ചും പാര്‍ട്ടി സെക്രട്ടറിയെ കുറിച്ചും ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതല്ലേ. ആരോപണ വിധേയനായ വ്യക്തിയില്‍ നിന്നും പണം വാങ്ങി സ്റ്റേറ്റ്മെന്റ് തിരുത്തണമെന്നല്ലേ ഷാജ് കിരണ്‍ സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടത്. എ.ഡി.ജി.പി അജിത്തിനെയും ഡി.ജി.പി വിജയ് സാക്കറെയും ഷാജ് കിരണ്‍ 42 തവണ ബന്ധപ്പെട്ടുവെന്നാണ് പറഞ്ഞിരിക്കുന്നത്. ഇതു ശരിവച്ചാണ് വിജിലന്‍സ് ഓഫീസറെ സ്ഥലം മാറ്റിയത്. ഗൂഢാലോചന നടത്തിയിരിക്കുന്നത് സ്വപ്നയല്ല. പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. അങ്ങനെ ഗൂഢാലോചന നടത്തിയ അജിത് കുമാറിന്റെയും ഷാജ് കിരണിന്റെയും പേരില്ലേ കേസ് എടുക്കേണ്ടതെന്ന് ബെന്നി ബെഹനാന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *