കെ എസ് ആർ ടി സി – പ്രതിസന്ധി സർക്കാരിന്റെ സൃഷ്ടി: ബിഎംഎസ്

പൊതുമേഖലയെ പൊന്നുപോലെ നോക്കുമെന്ന് ആണയിട്ട് അധികാരത്തിലേറിയവർ ഇപ്പോൾ പൊന്നിന്റെ മാത്രം പിന്നാലെ പോവുന്നു. പ്രകടനപത്രികയിൽ കെഎസ്ആർടിസിക്കായി ആറു കാര്യങ്ങൾ അക്കമിട്ട് പറഞ്ഞ് ആവേശം നിറച്ചവരിപ്പോൾ ആർ ടി സി യുടെ അന്ത്യദിന പ്രവചനത്തിനൊരുങ്ങുന്നു. എംപ്ലോയീസ് സംഘ്-ന്റെ 11-ാം ദിവസത്തെ ധർണ്ണ സെക്രട്ടേറിയറ്റ് നടയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. R.L ബിജുകുമാർ പറഞ്ഞു.
പച്ചക്കള്ളം പ്രചരിപ്പിക്കാൻ മന്ത്രി തന്നെ നേതൃത്വം നൽകുന്നത് നാണക്കേടാണ്. ഞാൻ കണക്കപ്പിള്ളയല്ലെന്ന ന്യായം കെ എസ് ആർ ടി സിയിലെ കണക്കറ്റ അഴിമതിക്ക് കുട പിടിക്കലാണ്. കഴിഞ്ഞ മാസം സമരം ചെയ്തതിനാൽ വരുമാനം കുറഞ്ഞതുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്നും, മേയ് മാസം ഇന്ത്യൻ ഓയിൽ കോർപ്പറേഷനെ പഴിചാരിയും രക്ഷപ്പെടാനുള്ള ശ്രമവും വിഫലമായപ്പോൾ മന്ത്രിക്കും മാനേജ്മെന്റിനും മിണ്ടാട്ടമില്ലാതായിരിക്കുന്നു. പണിമുടക്കിന്റെ പേരിൽ ബിഎംഎസ്-നെ ഒറ്റപ്പെടുത്താമെന്ന വ്യാമോഹം ജീവനക്കാർ ഒറ്റക്കെട്ടായി മേയ് 6-ന് പരാജയപ്പെടുത്തിയതോടെ പ്രതികാര നടപടിയുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. വരുമാനമുണ്ടായിട്ടും ശമ്പളം മുടക്കുന്നത് ജീവനക്കാരെ അനിശ്ചിതകാല പണിമുടക്കിന് നിർബന്ധിതമാക്കും. പൊതുജനങ്ങളെ ബന്ധിയാക്കി ഏറെനാൾ ഒരു സർക്കാരിനും മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരു: ജില്ലാ വൈ. പ്രസിഡന്റ് ശ്രീമതി. O.K രാധിക അദ്ധ്യക്ഷത വഹിച്ച പതിനൊന്നാം ദിവസത്തെ ധർണ്ണയിൽ, ജില്ലാ ജോ.സെക്രട്ടറി A.N സുജിത്, സംസ്ഥാന വൈസ് പ്രസിഡന്റ് S സുരേഷ് കുമാർ, തിരു: നോർത്ത് ജില്ലാ വർക്കിംഗ് പ്രസിഡന്റ് V.R ആദർശ്, എന്നിവർ സംസാരിച്ചു.