ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകൻ അറസ്റ്റിൽ

കൊച്ചി: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമായ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്.
ആലത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തൃക്കാക്കര പൊലീസിനു കൈമാറും. വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ചു പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടൻ ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
എല്‍ഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡോ ജോ ജോസഫിനെ സമൂഹമധ്യത്തില്‍ സ്വഭാവഹത്യ നടത്തുന്നതിനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്നതിനുമാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പരാതി തൃക്കാക്കാര സ്റ്റേഷനിലേക്ക് കൈമാറി. ഐടി ആക്ട് 67എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.