കലക്ടറേറ്റിലെ ആര്‍.ഡി.ഒ കോടതിയില്‍ നിന്ന് തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: കലക്ടറേറ്റിലെ ആര്‍.ഡി.ഒ കോടതിയില്‍ നിന്ന് തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. കേസിന്റെ ഗൗരവം പരിഗണിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞതായി സബ്കലക്ടര്‍ എം.എസ്. മാധവിക്കുട്ടി കലക്ടര്‍ നവ്ജ്യോത് ഖോസക്ക് കൈമാറിയ ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണവുമായി സാമ്യമുള്ള ആഭരണങ്ങള്‍ ഇയാള്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തിയതായി കണ്ടെത്തി. അത് പരിശോധിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥസമിതി പ്രതിയിലേക്കെത്തിയിരിക്കുന്നത്

തുടര്‍നടപടികള്‍ക്കായി തെളിവുകള്‍ പേരൂര്‍ക്കട പൊലീസിന് കൈമാറി. പ്രതിയെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥന്‍ ജോലി ചെയ്തിരുന്ന കാലത്ത് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സൂചനകള്‍ ലഭിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തിലും ഇക്കാര്യങ്ങള്‍ വ്യക്തമായിരുന്നു. സംശയനിഴലിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടുകളും സ്വര്‍ണ പണയ ഇടപാടുകളും പരിശോധിച്ചപ്പോഴാണ് ഒരാളുടെ പണയ ഇടപാടില്‍ അന്വേഷണസംഘത്തിന്റെ ശ്രദ്ധ പതിഞ്ഞത്. തുടര്‍ന്ന് ഈ കാലയളവില്‍ ഇയാള്‍ നടത്തിയ പണയ ഇടപാടുകളെല്ലാം പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *