പി.സി.ജോര്‍ജിന് പിന്തുണയറിച്ച് ദീപികയില്‍ ലേഖനം
വിവേചനം തുടര്‍ന്നാല്‍ പിന്നില്‍ ആളുണ്ടാകും

കോട്ടയം: വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി അന്വേഷണം നേരിടുന്ന പിസി ജോര്‍ജിന് പിന്തുണയറിയിച്ച് ദീപിക ദിനപത്രത്തില്‍ ലേഖനം. ‘ശക്തി ചോരാതെ പിസി ജോര്‍ജ്’ എന്ന ഹെഡ്ഡിംഗിലുളള ലേഖനം ആദ്യ പേജിലാണ് വന്നിരിക്കുന്നത്. പിസി ജോര്‍ജിനെതിരെ ഉടനടി നടപടി സ്വീകരിച്ച സര്‍ക്കാര്‍ സമാനമായ മറ്റ് പല കേസുകളും ഒച്ചിനെ പോലെ ഇഴയുകയാണെന്ന് ലേഖനത്തില്‍ പറയുന്നു. ആലപ്പുഴയിലും കേരളത്തിലെ മറ്റ് ഭാഗങ്ങളിലും അടുത്തിടെ നടന്ന തീവ്രവാദ പേക്കൂത്തുകളെ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അതേക്കുറിച്ച് പറയുന്നവരെ കുറ്റക്കാരാക്കി ജയിലിടയ്ക്കുന്ന ഇരട്ടത്താപ്പാണ് പിസി ജോര്‍ജിന്റെ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന സമീപനത്തില്‍ നിന്ന് മുഖ്യമന്ത്രിയും ഭരണ കക്ഷിയും പിന്‍വാങ്ങിയില്ലെങ്കില്‍ സമൂഹത്തിലെ സ്ഥിതി അപകടകരമാവും. സമാന കുറ്റകൃക്യങ്ങളെ ഒരേ രീതിയില്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് സ്വാതന്ത്ര്യം നല്‍കണം. ആലപ്പുഴയില്‍ എസ്ഡിപിഐ റാലിയിലെ വിദ്വേഷ മുദ്രവാക്യത്തില്‍ രാജ്യത്ത് എന്തും വിളിച്ചു പറയാമെന്നായോ എന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. ചോദ്യം സര്‍ക്കാരിന് നേരെയാണ് വിരല്‍ ചൂണ്ടുന്നതെന്നും ലേഖനം അഭിപ്രായപ്പെട്ടു.

ഈ വിഷയത്തില്‍ പിസി ജോര്‍ജിന് ഇനിയും പലതും പറയാനുണ്ടാവും. സര്‍ക്കാരിന്റെ കടുത്ത വിവേചനം തുടര്‍ന്നാല്‍ നിലപാടിന്റെ പേരില്‍ അദ്ദേഹത്തിന് പിന്നില്‍ ആളുണ്ടാവും,’ എന്ന മുന്നറിയിപ്പോടെയാണ് ലേഖനം അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *