പ്രതികളെത്തിയത് മുഖ്യമന്ത്രിയെ വധിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ ; എഫ്.ഐ.ആര്‍ പുറത്ത്‌

തിരുവനന്തപുരം: വിമാനത്തില്‍ വെച്ച് നടത്തിയ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എഫ്ഐആര്‍. പ്രതികളെത്തിയത് മുഖ്യമന്ത്രിയെ വധിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് എഫ്ഐആറില്‍ പറയുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം, നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് അടുത്തു. തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു .

വിമാനത്തിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) പ്രത്യേക അന്വേഷണം നടത്തും. വിമാനത്താവളത്തിലെ സുരക്ഷയെ ബാധിക്കാത്തതിനാല്‍ സി.ഐ.എസ്.എഫ്. സംഭവത്തില്‍ കേസെടുത്തിട്ടില്ല.കണ്ണൂരില്‍നിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്‍റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഒളിവിലാണ്. വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വിലാണ്ഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.

ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍പ്രകാരം വിമാനത്തില്‍ ശാരീരികമായി ഉപദ്രവിക്കുകയോ വാക്കുകള്‍കൊണ്ട് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ ഒരുവര്‍ഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. 1937-ലെ ഈ നിയമം 2018-ല്‍ പരിഷ്‌കരിച്ചതുമാണ്. 2017 സെപ്റ്റംബറില്‍ സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് എന്ന പേരിലുള്ള നിയമപ്രകാരം വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ മൂന്നുമാസം വിമാനയാത്രയില്‍നിന്ന് വിലക്കാനും കഴിയും

Leave a Reply

Your email address will not be published. Required fields are marked *