കെ.എസ്.ആര്.ടി.സിക്കുള്ള ഡീസല്‍ വര്‍ദ്ധിപ്പിച്ചതില്‍ നിയമസഭയില്‍ യോജിച്ച പ്രതിഷേധം; ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിക്കുള്ള ഡിസലിന്റെ വില കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിയില്‍ നിയമസഭയില്‍ കടുത്ത പ്രതിഷേധം. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തിരപ്രമേയ അവതരണാനുമതി നോട്ടിസിലെ ചര്‍ച്ചയിലാണ് സഭ ഇക്കാര്യത്തില്‍ പൊതുവികാരം പ്രകടിപ്പിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കെ.എസ്.ആര്.ടി.സിയെ നശിപ്പിക്കാനാണെന്ന പൊതു അഭിപ്രായമാണ് സഭയില്‍ ഉയര്‍ന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൊത്തത്തില്‍ വാങ്ങുന്ന ഇന്ധനത്തിന് കുത്തനെ വിലവര്‍ദ്ധിപ്പിക്കുന്ന തലതിരിഞ്ഞ നയമാണ് കേന്ദ്രത്തിന്റേതെന്ന് നോട്ടീസിന് മറുപടി നല്കിയ മന്ത്ര ആന്റണി രാജു ചൂണ്ടിക്കാട്ടി. 2022 ജനുവരി 31ന് ചില്ലറവിപണിയേക്കാളും 10.72 രൂപയുടെ കുറവിലാണ് ഒരു ലിറ്റര്‍ ഡീസല്‍ കെ.എസ്.ആര്.ടി.സിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം അത് 82 രൂപയില്‍ നിന്ന് 121 രൂപയായി ഉയര്‍ന്നു. മൂന്നുമാസം കൊണ്ടുള്ള വര്‍ദ്ധന 38.21 രൂപ. ഇതില്‍ ഒരു ദിവസം കൊണ്ടാണ് 21.11 രൂപ വര്‍ദ്ധിച്ചത്. ഈ വര്‍ദ്ധനമൂലം പ്രതിദിനം കെ.എസ്.ആര്.ടി.സിക്ക് 75 മുതല്‍ 83 ലക്ഷത്തിന്റെ വരെ അധികചെലവുണ്ടാകും. പ്രതിമാസം 22 മുതല്‍ 25 കോടിയുടെ വരെ അധികചെലവാണ് പ്രതീക്ഷിക്കുന്നത്. പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കാനാണ് ഈ നീക്കം. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ഹൈക്കോടതിയില്പരാതി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ കോര്പ്പറേഷന് ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ വില വര്‍ദ്ധനയോട് യോജിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കി. കേസില്‍ വേണമെങ്കില്‍ തങ്ങളും കക്ഷിചേരാം. ഇത്രയും പ്രതിസന്ധിയുള്ളപ്പോഴും സര്‍ക്കാര്‍ എന്തുകൊണ്ട് സബ്സിഡി നല്‍കുന്നില്ലെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ തെറ്റായനയം മൂലമാണ് വന്‍കിട വാങ്ങലിന് വിലകൂടിയത്. കെ.എസ്.ആര്.ടി.സി.യെപ്പോലെ ഒരു പൊതുമേഖലാസ്ഥാപനത്തെ നശിപ്പിക്കുന്ന രീതിയിലുള്ള തലതിരിഞ്ഞ സമീപനമാണിത്. ഇതിനെതിരായ പ്രതിഷേധത്തിന് തങ്ങളും സഹകരിക്കും. എന്നാല്‍ ഇന്ധനവിലവര്‍ദ്ധനവിലൂടെ കേന്ദ്രത്തിനൊപ്പം സംസ്ഥാനത്തിനും വലിയ വരുമാനം ലഭിച്ചിട്ടുണ്ട്. അതില്‍ നിന്നും കെ.എസ്.ആര്.ടി.സിക്കെങ്കിലും ഇന്ധന സബ്സിഡി നല്കണമെന്നുള്ള തന്റെ നിര്‍ദ്ദേശം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.