കെ റെയിലിനെതിരെ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടി വീഴ്ത്തിയ പോലീസുകാരനെതിരെ അച്ചടക്ക നടപടി ഉണ്ടാകും

തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടി വീഴ്ത്തിയ പോലീസുകാൻ ഷബീറിനെ ഇന്ന് അച്ചടക്ക നടപടി ഉണ്ടാകും . ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ റിപ്പോര്‍ട്ട് റൂറല്‍ എസ്പിദിവ്യ ഗോപിനാഥിന് നല്‍കിയിരുന്നു.പോലീസുകാരനെ സസ്പെൻ്റ് ചെയ്യാതെ സ്ഥലംമാറ്റം നൽകി പ്രശനം പരിഹരിക്കാനാണ് ഉന്നത തലത്തിലുള്ള ആലോചനയെന്നാണ് സൂചന.കഴക്കൂട്ടത്ത് കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടയുന്നതിനിടെയാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരന്‍ സമരക്കാരില്‍ ഒരാളെ ചവിട്ടിയത്. പൊലീസുകാരനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി കോണ്‍ഗ്രസ് കാലത്ത് നിര്‍ത്തിവച്ച സില്‍വര്‍ ലൈന്‍ സര്‍വേ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കുറ്റിയുമായി വന്ന വാഹനം ഇന്നലെ സമരക്കാര്‍ തടയിരുന്നു. ചാലയില്‍ ഇന്ന് നാട്ടിയ കുറ്റികള്‍ മിനുട്ടുകള്‍ക്കകം പ്രതിഷേധക്കാര്‍ പിഴുത് മാറ്റി. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് പിഴുതെറിഞ്ഞത്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി. ഉദ്യോഗസ്ഥരെ തടഞ്ഞ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തിയതാണ് വിവാദമായത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു.
പാര്‍ട്ടി കോണ്‍ഗ്രസ് തീര്‍ന്ന് കൃത്യം 11ആം ദിവസമാണ് കല്ലിട്ട് സില്‍വര്‍ ലൈന്‍ സര്‍വ്വേക്കുള്ള തുടക്കം. മുമ്ബ് പ്രതിഷേധം കൊണ്ട് നിര്‍ത്തിവെച്ച കണിയാപുരം കരിച്ചാറയില്‍ ഇന്നലെ രാവിലെ സര്‍വ്വേക്കായി ഉദ്യോഗസ്ഥരെത്തി. പിന്നാലെ സ്ഥലത്തേക്ക് സമരക്കാര്‍ ഇരച്ചെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പ്രതിഷേധം കടുപ്പിച്ചു. സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമായി. പ്രതിഷേധിച്ചവരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി. പരിക്ക് പറ്റിയ അഞ്ച് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെങ്കിലും, ആരെയും മനപൂര്‍വം ഉപദ്രവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.