സംസ്ഥാനത്ത് വിലക്കയറ്റം അംഗീകരിച്ച് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍;
കനത്ത വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം യാഥാര്‍ത്ഥ്യമാണെന്ന് നിയമസഭയില്‍ സമ്മതിച്ച് മന്ത്രി ജി.ആര്‍. അനില്‍. വരാനിക്കുന്ന കാലം വളരെ അപകടം പിടിച്ചതാണെന്നും അതുകൊണ്ട് വിലയില്‍ സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണവും പൊതുവിപണിയില്‍ കാര്യക്ഷമമായ ഇടപെടലും വേണമെന്ന് നിര്‍ദ്ദേശിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. വിലക്കയറ്റവും പൊതുവിപണിയിലെ ഇടപെടലും സംബന്ധിച്ച് റോജി. എം. ജോണിന്റെ അടിയന്തിരപ്രമേയ അവതരണാനുമതി നോട്ടീസിന്റെ ചര്‍ച്ചയിലാണ് സര്‍ക്കാരും പ്രതിപക്ഷവും നിലപാടുകള്‍ വ്യക്തമാക്കിയത്. വിമര്‍ശനമല്ല, സര്‍ക്കാരിനെ ജാഗരൂകരാക്കുകയാണെന്ന് വ്യക്തമാക്കിയ പ്രതിപക്ഷം മറുപടിയില്‍ മന്ത്രി അനില്‍ പലപ്പോഴും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കും ഒഴിവാക്കി.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണെന്ന് മന്ത്രി അനില്‍ വിശദീകരിച്ചു. ഇവിടെ ആവശ്യമുള്ള വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് വരുന്നത്. പെട്രോളിന്റേയും ഡീസലിന്റെയും അനിയന്ത്രിതമായ വിലക്കയറ്റം പൊതുവില്‍ ചരക്ക് നീക്കം ചെലവേറിയതാക്കിയിട്ടുണ്ട്. അത് രാജ്യത്താകമാനം വിലക്കയറ്റവും ഉണ്ടാക്കിയിട്ടുണ്ട്. കേരളത്തിലും അതിന്റെ പ്രതിഫലനമുണ്ട്. എന്നാല്‍ ഉല്‍പ്പാദനമുള്ള മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇവിടെ നേരിയ വിലക്കയറ്റം മാത്രമേയുള്ളു. സപ്ലൈകോ വഴി സാധനങ്ങള്‍ വിലകുറച്ചാണ് വിതരണം ചെയ്യുന്നത്. 16 ഇന അവശ്യവസ്തുക്കള്‍ക്ക് കഴിഞ്ഞ ആറുവര്‍ഷമായി വില ഉയര്‍ത്തിയിട്ടുമില്ല. അതേസമയം പൊതുവിപണിയില്‍ സപ്ലൈകോയില്‍ നിന്നും അവശ്യവസ്തുക്കള്‍ക്ക് 50 രൂപ മുതല്‍ മുകളില്‍ വ്യത്യാസമുണ്ടെന്നും കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വിശദീകരിച്ചു. കേരളത്തില്‍ സംഭരിച്ച 7.50 ലക്ഷം മെട്രിടണ്‍ നെല്ല് അരിയാക്കി മിതമായ വിലയില്‍ റേഷന്‍കടകളിലൂടെ വിതരണം ചെയ്യും. കുടാതെ കര്‍ഷകരെ സഹായിക്കാന്‍ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം കേന്ദ്രം കര്‍ഷകരെ ദ്രോഹിക്കുകയാണ്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വര്‍ദ്ധിക്കുന്നത് നെഹ്രുവിന്റെ സാമ്പത്തിക നയം ഉപേക്ഷിച്ച് നരസിംഹറാവും ആഗോളവല്‍ക്കരണ നയം സ്വീകരിച്ചതാണെന്നും അനില്‍ കുറ്റപ്പെടുത്തി.
പൊതുവിപിണയില്‍ വലിയ വിലയുണ്ടെന്ന് മന്ത്രി തന്നെ സമ്മതിച്ചതായി അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയ റോജി എം. ജോണ്‍ ചൂണ്ടിക്കാട്ടി. കോവിഡും മറ്റും മൂലം ഒരു രൂപയുടെ വിലവര്‍ദ്ധനപോലും താങ്ങാന്‍ കഴിയാതെ ജനങ്ങള്‍ തകര്‍ന്നിരിക്കുമ്പോഴാണ് ഈ വിലവര്‍ദ്ധന. എല്ലാ അര്‍ത്ഥത്തിലും കേരളത്തിലെ ജനങ്ങള്‍ കാലിട്ടടിക്കുമ്പോള്‍ അവരെ നിലയില്ലാകയത്തിലാക്കുകയാണ്. സപ്ലൈകോയില്‍ ചില ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവിപണിയിലേതിനെക്കാള്‍ വിലയാണ്. അവിടുത്തെ മുളകിനേയും മറ്റും കുറിച്ച് വ്യാപകമായ പരാതിയുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങളോട് ഒരു സഹാനുഭൂതിയും ഇല്ലാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലേത്, അതേ നിലപാടാണ് ഇവിടേയും. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കിറ്റും നിര്‍ത്തലാക്കിയെന്നും റോജി പറഞ്ഞു. സപ്ലൈകോയിലെ ഉല്‍പ്പന്നങ്ങളുടെ നിലവാരം ഒന്നിച്ചുപോയി പരിശോധിക്കാമെന്ന് ഇതിന് മന്ത്രി ജി.ആര്‍. അനില്‍ മറുപടിയും നല്‍കി.
മന്ത്രിയുടെ മറുപടിയില്‍ നടപടികളില്ലെന്ന് പ്രതിപക്ഷ ബഞ്ചില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നെങ്കിലും പ്രതിപക്ഷനേതാവ് സമന്വയത്തിന്റെ പാതയാണ് സ്വീകരിച്ചത്. സപ്ലൈകോയില്‍ കഴിഞ്ഞ ആറുവര്‍ഷം 13 ഇനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കാത്തതിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. നിങ്ങള്‍ പറഞ്ഞ വാക്കുപാലിച്ചു. എന്നാല്‍ ഇപ്പോള്‍ നടത്തുന്ന വിപണി ഇടപെടല്‍ വിലനിയന്ത്രണത്തിന് കാര്യക്ഷമമാകുന്നില്ല. കൂടുതല്‍ കാര്യക്ഷമമായ വിപണി നിരീക്ഷണവും ഇടപെടലും ആവശ്യമാണ്. കേരളത്തിലെ പല കുടുംബങ്ങളും ഇന്ന് ജപ്തി ഭീഷണയിലാണ്, അതിനിടയിലാണ് വിലക്കയറ്റവും. ഇത് സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ്. അപകടരമായ ഒരു നിലയിലൂടെയാണ് പോകുന്നത്. അതുകൊണ്ട് നടപടികള്‍ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.