‘കേരളത്തിന് വിദേശകാര്യ സെക്രട്ടറി’: അന്തംവിട്ട ചീഫ് സെക്രട്ടറി എന്തൊക്കെയോ പറയുന്നു! ന്യായീകരിച്ച് ഫേസ്ബുക്ക് കുറിപ്പ്

അന്തമില്ലാത്ത പ്രതി എന്തും പറയും. ചീഫ് സെക്രട്ടറി ഡോ. വേണുവിന്റെ ഫേസ് ബുക്ക് കുറിപ്പ് വായിച്ചാല്‍ ഇങ്ങനെയേ തോന്നൂ. വിദേശ സഹകരണത്തിന് വാസുകിയെ സെക്രട്ടറിയായി ചുമതലപ്പെടുത്തിയ ഉത്തരവിനെ ന്യായികരിക്കാന്‍ ചീഫ് സെക്രട്ടറി വല്ലാതെ പാടുപെടുന്നുണ്ട് പോസ്റ്റില്‍. നല്ല ന്യായീകരണം എഴുതിയാല്‍ മുഖ്യന്‍ പ്രസാദിക്കും. ചീഫ് സെക്രട്ടറിക്ക് അതറിയാം.

അടുത്ത മാസം വിരമിക്കുകയാണ് ചീഫ് സെക്രട്ടറി. വിരമിച്ചാല്‍ ചീഫ് സെക്രട്ടറിയും ശിപായിയും ഒന്ന് തന്നെ. അധികാരമില്ലാത്തവനെ ആരും തിരിഞ്ഞു നോക്കില്ല. ഈ വര്‍ഷം ആഗസ്ത് 31 ന് വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി ഉഗ്രന്‍ ഒരു കസേര റെഡിയാക്കി വച്ചിട്ടുണ്ട് എന്നാണ് ഭരണ സിരാകേന്ദ്രത്തില്‍ നിന്നുള്ള സൂചന. മുന്‍ ചീഫ് സെക്രട്ടറിമാരായ കെ.എം എബ്രഹാമിനും വി.പി. ജോയിക്കും ലഭിച്ചതുപോലെ ശമ്പളവും പെന്‍ഷനും കിട്ടുന്ന കസേര വേണുവിനും കിട്ടും. വിരമിച്ചാലും മാസം 6 ലക്ഷം രൂപ ശമ്പളമുള്ള ജോലി എന്നര്‍ത്ഥം.

ന്യായീകരിക്കാന്‍ ചീഫ് സെക്രട്ടറി വന്നില്ലെങ്കിലേ അത്ഭുതമുള്ളു. അടുത്ത ചീഫ് സെക്രട്ടറി ആകാന്‍ ക്യൂവില്‍ നില്‍ക്കുന്നവരില്‍ പ്രമുഖ ശാരദ മുരളിധരന്‍ ആണ്. ഡോ. വേണുവിന്റെ ഭാര്യയാണ് ശാരദ. ശാരദയേക്കാള്‍ സീനിയോറിറ്റി ഉള്ളവരും ചീഫ് സെക്രട്ടറി കസേരയില്‍ ക്യൂവിലുണ്ട്. മുഖ്യന്‍ പ്രസാദിച്ചാല്‍ ചീഫ് സെക്രട്ടറി കസേര ശാരദക്ക് കിട്ടും. ഭാര്യയ്ക്ക് ചീഫ് സെക്രട്ടറി, ഭര്‍ത്താവിന് പുനര്‍ നിയമനം. ആനന്ദ ലബ്ദിക്ക് ഇനിയെന്തു വേണം ചീഫ് സെക്രട്ടറി ഡോ. വേണുവിന്.

വേണുവിന്റെ വിശദീകരണത്തിലേക്ക് വരാം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിദേശത്ത് പോകുമ്പോള്‍ അവിടെ നടക്കുന്ന ചര്‍ച്ചുകളുടെ ഫലമായി പല പ്രതിനിധികളും കേരളം സന്ദര്‍ശിക്കാറുണ്ടെന്നും പുതിയ ബന്ധങ്ങള്‍ തേടാറുണ്ടെന്നുമാണ് വേണുവിന്റെ വാദം. സംസ്ഥാനത്തിന്റെ വികസനത്തിനായി പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള ഉദ്യമത്തിന്റെ ഭാഗമാണ് വാസുകിയുടെ നിയമനം എന്നാണ് വേണു വിവരിക്കുന്നത്.

അങ്ങയോട് ലളിതമായ ഒരു ചോദ്യം ചോദിക്കട്ടെ. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈന സന്ദര്‍ശിക്കുന്നു എന്ന് കരുതുക. തുടര്‍ന്ന് ചൈനയിലെ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് വരുന്നു. ഇരുക്കൂട്ടരും പുതിയ ബന്ധം സ്ഥാപിക്കുന്നു. ഒരു സംസ്ഥാനത്തിന് ഇതെങ്ങനെ ചെയ്യാന്‍ പറ്റും ചീഫ് സെക്രട്ടറി. ഇന്ത്യ വളരരുത് എന്നാഗ്രഹിക്കുന്ന ചൈനയെ പോലുള്ള രാജ്യങ്ങള്‍ സംസ്ഥാനങ്ങളുമായി ചങ്ങാത്തം കൂടിയാല്‍ രാജ്യത്തിന്റെ അവസ്ഥ എന്താകും.

ഇതൊക്കെ ഭരണഘടന തയ്യാറാക്കിയവര്‍ക്ക് നന്നായറിയാം. അതുകൊണ്ടാണ് യൂണിയന്‍ ലിസ്റ്റില്‍ വിദേശ രാജ്യങ്ങളുമായുള്ള സഹകരണം ഉള്‍പ്പെടുത്തിയത്. കേരളം രാജ്യമല്ലെന്ന് ചീഫ് സെക്രട്ടറി ആദ്യം മനസിലാക്കണം. പിണറായി വിജയന്‍ പ്രധാനമന്ത്രി അല്ലെന്നും മനസിലാക്കണം.

അങ്ങയോടുള്ള എല്ലാ ബഹുമാനം നിലനിര്‍ത്തി കൊണ്ട് പറയട്ടെ ഈ ന്യായീകരണം വളരെ മോശമായി പോയി. ഒരു പാട് മഹാരഥന്‍മാര്‍ ഇരുന്ന കസേരയാണ് ചീഫ് സെക്രട്ടറി കസേര. ജോയിയും എബ്രഹാമും മഹാരഥന്‍മാരുടെ പട്ടികയില്‍ ഇല്ല. മറ്റൊരു ജോയിയും എബ്രഹാമും ആകാന്‍ ശ്രമിക്കാതെ ഇറക്കിയ ഉത്തരവ് പിന്‍വലിക്കൂ.

അടുത്ത മാസം വിരമിക്കുന്ന അങ്ങേക്ക് എല്ലാ മംഗളങ്ങളും. മുഖ്യന്‍ അങ്ങയെ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു. ചീഫ് സെക്രട്ടറി കസേര അങ്ങയുടെ ഭാര്യ ശാരദയ്ക്ക് കസേര ലഭിക്കട്ടെ. കെ ഫോണ്‍ പോലെ കെ- ചീഫ് സെക്രട്ടറിമാര്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ ഇതല്ല ഇതിലപ്പുറമുള്ള ന്യായികരണങ്ങള്‍ വന്നാലും അല്‍ഭുതപ്പെടേണ്ട.

Leave a Reply

Your email address will not be published. Required fields are marked *