നിലയ്ക്കൽ അന്നദാന അഴിമതി: മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട: നിലയ്ക്കല്‍ അന്നദാന അഴിമതി കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയപ്രകാശ് അറസ്റ്റിലായി. വിജിലന്‍സ് ആണ് ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്. നിലയ്ക്കലില്‍ അന്നദാനത്തിന് സാധനങ്ങള്‍ ഇറക്കിയ ഇനത്തില്‍ കരാറുകാരനെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിയ കരാറുകാരനാണ് വിജിലന്‍സിനെ സമീപിച്ചതോടെയാണ് അന്നദാനത്തിന് മറവിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കൊല്ലം ആയൂരിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
നിലയ്ക്കല്‍ അന്നദാന അഴിമതി കേസിലെ മുഖ്യപ്രതിയായ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ കഴിഞ്ഞമാസം സര്‍വ്വീസില്‍ നിന്നും വിരമിച്ചിരുന്നു. സുധീഷ് കുമാറിനെതിരായ നടപടികള്‍ ദേവസ്വം ബോര്‍ഡ് നിര്‍ത്തിവച്ചിരിക്കുന്നതിനിടെയായിരുന്നു വിരമിക്കല്‍. വിജിലന്‍സ് കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാല്‍ സുധീഷ് കുമാറിന് സര്‍വീസ് ആനുകൂല്യങ്ങള്‍ ഒന്നും അനുവദിച്ചിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരിക്കുന്നത്.
നിലയ്ക്കലിലെ അന്നദാന കരാറില്‍ കോടികളുടെ ക്രമക്കേട് നടത്തിയ കേസിലെ മുഖ്യപ്രതിയാണ് ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാര്‍. അന്നദാന കരാറുകാരന് ബോര്‍ഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നര കോടി എഴുതി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്നും കരാറുകാരന് വഴങ്ങാതെ വന്നതോടെ മറ്റ് ചില സ്ഥാപനങ്ങളുടെ പേരില്‍ ചെക്കുകള്‍ മാറിയെടുത്തുവെന്നുമാണ് കേസ്.
ദേവസ്വം ബോര്‍ഡ് വിജിലന്‍സും സ്റ്റേറ്റ് വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ നിലയ്ക്കല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമലയിലെ മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍മാരായ രാജേന്ദ്രപ്രസാദ്, സുധീഷ് കുമാര്‍ , ജൂനിയര്‍ സൂപ്രണ്ട് വാസുദേവന്‍നമ്പൂതിരി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികളെ പുറത്താക്കണമെന്നായിയിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ കുറ്റപ്പത്രം കിട്ടിയിട്ടും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് തുടര്‍നടപടികള്‍ എടുത്തില്ലെന്ന് വിമര്‍ശനമുയര്‍ന്നു. ഇതേ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് സര്‍വ്വീസ് പൂര്‍ത്തിയാക്കി സുധീഷ് കുമാര്‍ രാജിവച്ചത്. അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതെ വിരമിക്കാന്‍ ദേവസ്വം ബോര്‍ഡ് അവസരമൊരുക്കിയെന്നാണ് ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ തുടരുകയണെന്നും സുധീഷ് കുമാറിന് വിരമിക്കല്‍ ആനൂകൂല്യം ഒന്നും അനുവദിച്ചിട്ടില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.