ഒന്നും പഠിക്കാനില്ലെന്ന് പറഞ്ഞിരുന്ന ഗുജറാത്തില്‍ നിന്നും വികസനം നടപ്പാക്കുന്നത് മനസിലാക്കാന്‍ കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്നലെ വരെ വികസനം തൊട്ടുതീണ്ടിയിട്ടില്ലെന്ന് വിമര്‍ശിച്ചിരുന്ന ഗുജറാത്തില്‍ നിന്നും വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ കേരള സര്‍ക്കാര്‍. മുന്‍കാലങ്ങളില്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ചും പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനെക്കുറിച്ചും കേരളത്തെയാണ് മറ്റ് സംസ്ഥാനങ്ങള്‍ ഉറ്റുനോക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനം. നടപ്പാക്കുന്ന പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനുളള ഗുജറാത്തിന്റെ സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിച്ചു.
ചീഫ് സെക്രട്ടറിക്കൊപ്പം അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസര്‍ ഉമേഷ് എന്‍.എസ്.കെയും പോയിട്ടുണ്ട്. ഇന്ന് അവിടെ അവര്‍ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പദ്ധതികള്‍ നടപ്പാക്കുന്നതിനും സദ്ഭരണത്തിനും സഹായിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാനാണ് സംഘം പോയിരിക്കുന്നത്. ഇന്ന് ഇതിന്റെ അവതരണം കേരള ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ അവര്‍ നടത്തും. അതിന്റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യാത്ര.
സില്‍വര്‍ലൈന്‍ പദ്ധതിക്ക് അനുമതിതേടികൊണ്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച വേളയില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചതായിരുന്നു ഇതേക്കുറിച്ച് പഠിക്കണമെന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം. അതിന്റെ പശ്ചാത്തലത്തിലാണ് യാത്രയെന്നും പറയുന്നു. ഗുജറാത്തില്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഏകോപനവും അതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികളും അറിയാനാകുന്നതാണ് ഈ ഡാഷ്‌ബോര്‍ഡ് സംവിധാനം. പദ്ധതികളുടെ നടത്തിപ്പിന് വേഗതവരുത്താന്‍ അത് ഏറെ സഹായിക്കുമെന്നാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനം എന്ന നിലയിലാണ് സി.പി.എം ഉള്‍പ്പെടെ ഗുജറാത്തിനെ വിമര്‍ശിച്ചിരുന്നത്. മാനവവികസന സൂചികയിലെല്ലം ഏറ്റവും പിന്നിലാണെന്നായിരുന്നു വിമര്‍ശനം. ഗുജറാത്തിനെയും മറ്റും വിമര്‍ശിച്ചിരുന്നതിന് പിന്നില്‍ രാഷ്ട്രീയമായ കാരണങ്ങളുമുണ്ടായിരുന്നു. പ്രത്യേകിച്ച് സി.പി.എമ്മിന്റെ വിമര്‍ശനങ്ങളില്‍ എന്നും നിറഞ്ഞുനിന്നിരുന്ന സംസ്ഥാനവുമാണ് ഗുജറാത്ത് അവിടെ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ പോകുന്നുവെന്നത് സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ പുതിയ ആയുധമായി ഉയര്‍ന്നുവരും.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്ന് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍, നൈപുണ്യവികസനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ നിന്നും ചില അറിവുകള്‍ നേടാന്‍ ശ്രമിച്ചത് വന്‍ വിവാദമായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം സന്ദര്‍ശിച്ചതും ഉപഹാരം നല്‍കിയതും കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഷിബുബേബി ജോണിന്റെ രാജി ആവശ്യം വരെ അന്ന് ഉയര്‍ന്നിരുന്നു. സി.പി.എമ്മായിരുന്നു അതിന് പിന്നില്‍ ശക്തമായുണ്ടായിരുന്നതും. ഗുജറാത്തിലെ വികസനത്തില്‍ നിന്നും കേരളത്തിന് ഒന്നും പഠിക്കാനില്ല എന്നാണ് അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ് പറഞ്ഞതും.

Leave a Reply

Your email address will not be published. Required fields are marked *