മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ: സുരക്ഷയ്ക്ക് 700 പൊലീസുകാര്‍!!!

മലപ്പുറം: പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നും കനത്ത സുരക്ഷ ഒരുക്കി പൊലീസ്. മലപ്പുറത്തും കോഴിക്കോട്ടുമാണ് മുഖ്യമന്ത്രിക്ക് ഇന്ന് പരിപാടികളുള്ളത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ കർശന നിയന്ത്രണം തുടരും.
മലപ്പുറത്തും കറുത്ത മാസക് ധരിക്കുന്നതിന് വിലക്ക്. തവനൂരില്‍ വ്യാപകമായി പൊതുജനങ്ങളുടെ കറുത്ത മാസ്‌ക് കഴിപ്പിച്ചു. പകരം മറ്റ് കളറുകളിലുള്ള മാസ്‌ക്ക് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നാല് പേരെ കരുതല്‍ തടങ്കലിലാക്കിയത്.
ഈ പരിപാടികളിൽ പങ്കെടുക്കുന്നവർ ഒരുമണിക്കൂർ മുമ്പ് എത്തണം. 9 മണിക്ക് ശേഷം കുറ്റിപ്പുറം പൊന്നാനി റോഡ് അടച്ചിടും. ഇതിന് ബദൽ ക്രമീകരണം ഏർപ്പെടുത്തും. 10 മണിക്ക് തവനൂർ സെൻട്രൽ ജയിലിന്‍റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രിയുടെ ആദ്യത്തെ പരിപാടി. ഇവിടേക്ക് യൂത്ത് കോൺഗ്രസ് കരിങ്കൊടി മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 9 മണിക്ക് ശേഷം ഉദ്ഘാടനവേദിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.
മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. തവനൂരിലെ പരിപാടിക്ക് ശേഷം പുത്തനത്താണിയിൽ ഇഎംഎസ് ദേശീയ സെമിനാർ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 11 മണിക്കാണ് ഇത്. ശേഷം മുഖ്യമന്ത്രി കോഴിക്കോടേക്ക് പോകും. കോഴിക്കോട് മൂന്ന് പരിപാടികളാണ് ഉള്ളത്.