ഇടുക്കിയില്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഇടുക്കി: പുറ്റടിയില്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് ദാരുണസംഭവം. അയല്‍വാസികളാണ് വീട്ടില്‍നിന്ന് തീ ഉയരുന്നു കണ്ടത്.

ഉടന്‍ തന്നെ ഇവരെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രവീന്ദ്രനും ഉഷയും മരിച്ചു. ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മകള്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. മരിച്ചവരുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലാണ്.

ലൈഫ് പദ്ധതിയിൽ കിട്ടിയ വീട്ടിലേക്ക് രണ്ടു ദിവസം മുൻപാണ് രവീന്ദ്രനും കുടുംബവും മാറിയത്. രാത്രിയായതിനാൽ വീടിന് തീപിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് വെളിയിൽ ഇറങ്ങി ആളുകളെ വിളിച്ചു കൂട്ടിയത്.

തുടർന്ന് പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചു. ഇവർ എത്തിയതിന് ശേഷമാണ് വീട്ടിലെ തീ പൂർണമായി അണയ്ക്കാനായത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. വീട് പൂർണമായി കത്തിനശിച്ച നിലയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *