എന്റെ ‘ഹോം’ തകര്‍ത്തതില്‍ വേദനയുണ്ട്’; വിമര്‍ശനവുമായി ഇന്ദ്രന്‍സ്, വിഷമത്തോടെ മഞ്ജുപിളള

പ്രേക്ഷകപ്രീതിയില്‍ ഒന്നാമതെത്തിയ ‘ഹോം’ സിനിമ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഇന്ദ്രന്‍സും മഞ്ജുപിള്ളയും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ലെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. ജൂറിക്ക് സിനിമ കാണാന്‍ അവസരം നല്‍കിയിട്ടുണ്ടാവില്ല. ഹൃദയത്തോടൊപ്പം ചേര്‍ത്തുവെക്കാവുന്ന സിനിമയാണ് ‘ഹോം’. തന്റെ ‘ഹോം’ തകര്‍ത്തതില്‍ വേദനയുണ്ടെന്നും ഇന്ദ്രന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.
ചലച്ചിത്ര പുരസ്‌കാരത്തില്‍ ‘ഹോം’ പരിഗണിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷമായ മഞ്ജുപിള്ള പറഞ്ഞു. പത്താം ക്ലാസില്‍ മാര്‍ക്ക് കുറയുമ്പോള്‍ തോന്നുന്ന ഒരു സങ്കടമില്ലേ, അതുപോലെ. വ്യക്തിപരമായ പുരസ്‌കാരങ്ങളെക്കുറിച്ചല്ല പറയുന്നത്. സിനിമയെക്കുറിച്ച് മാത്രമാണ് തന്റെ വിഷമം. അത്രയുമേറെ ചര്‍ച്ച ചെയ്യപ്പെട്ട ജനങ്ങള്‍ സ്നേഹിച്ച ഒരു സിനിമയായിരുന്നു ‘ഹോം’. സിനിമയെ ഒരു വിഭാഗത്തിലും പുരസ്‌കാരത്തിന് പരിഗണിക്കാത്ത കാരണം എന്തെന്ന് മനസിലാകുന്നില്ലെന്നും മഞ്ജുപിള്ള ചൂണ്ടിക്കാട്ടി.
എന്നാല്‍, ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി രംഗത്തെത്തി. അന്തിമ ജൂറി പരിഗണിച്ച 29 ചിത്രങ്ങളില്‍ ‘ഹോം’ സിനിമ ഉണ്ടായിരുന്നുവെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി. സിനിമ കണ്ടതില്‍ ഡിജിറ്റല്‍ തെളിവുണ്ടെന്നും അക്കാദമി മാധ്യമങ്ങളെ അറിയിച്ചു.