സതീശന്റെ പ്രസ്താവന തൊഴിലാളികളില്‍ അന്യതാബോധമുണ്ടാക്കി; ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ ഭാഗമാണോയെന്നറിയാം: ഐ.എന്‍.ടി.യു.സി

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്നുള്ള പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രസ്താവന തൊഴിലാളികള്‍ക്ക് വേദനയും അനാഥ, അന്യധാബോധവും ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. അതിന് പരിഹാരം ഉണ്ടാകണം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ ഭാഗമാണോ എന്നതിന് ചരിത്രം പരിശോധിച്ചാല്‍ മതി. സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായമാണ് അന്തിമം. ഇക്കാര്യത്തിലുള്ള സംഘടനയുടെ അഭിപ്രായം കെ.പി.സി.സി പ്രസിഡന്റിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.കോണ്‍ഗ്രസിന്റെ പോഷകസംഘടനയാണോ എന്നത് സംബന്ധിച്ച് ഇന്റര്‍നാഷണല്‍ ട്രേഡ്‌യൂണിയന്‍ ഭരണഘടനയും, ഇതിന് ആരാണ് രൂപം നല്‍കിയതെന്നും പരിശോധിച്ചാല്‍ മതി. പണ്ഡിറ്റ് നെഹ്രു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ആചാര്യകൃപലാനി അടക്കമുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കളാണ് ഐ.എന്‍.ടി.യു.സിയെ നയിച്ചിച്ചിരുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് കോണ്‍ഗ്രസുമായി ഇഴുകിചേര്‍ന്ന് ഉണ്ടാക്കിയ സംഘടനയാണിത്. ഇന്ത്യയിലെ തൊഴിലാളികളുടെ നിര്‍ണ്ണായ സ്വാധീനം ലഭിച്ചതുകൊണ്ടാണ് സ്വാതന്ത്ര്യസമരത്തില്‍ പോലും വിജയം കണ്ടത്.
ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഒരു സര്‍ക്കലുര്‍ ഇറക്കിയിട്ടുണ്ട്. അവരുടെ വെബ്‌സൈറ്റും ഉണ്ട് അതില്‍ ഐ.എന്‍.ടി.യു.സി പോഷകസംഘടനയാണ്. കെ.പി.സി.സിയും റെക്കാര്‍ഡിക്കലായി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. അതിലും പോഷകസംഘടനയാണ്. 1946ല്‍ രാജ്യത്തോട് നെഹ്രുനടത്തിയ പ്രസംഗത്തില്‍ ഐ.എന്‍.ടി.യു.സിയുടെ ഉത്തരവാദിത്വം നിര്‍വചിച്ചിട്ടുണ്ട്.
ഐ.എന്‍.ടി.യു.സിയുടെ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് നേതാക്കളാണ്. ഇന്ദിരാഗാന്ധിയും നെഹ്രുവും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. പ്ലീനറി സമ്മേളനത്തിന് സോണിയാ ഗാന്ധി അയച്ച സന്ദേശത്തില്‍ തന്നെ ഐ.എന്‍.ടി.യു.സി കോണഗ്രസിന്റെ അവിഭാജ്യ ഭാഗമാണെന്ന് പറഞ്ഞിട്ടുണ്ട്. പണിമുടക്ക് നടത്തുന്ന തൊഴിലാളിയുടെ വികാരം അവന്റെ അവകാശത്തിന് വേണ്ടി ജനദ്രോഹനയം നടപ്പാക്കുന്ന കേന്ദ്രത്തിനെതിരെയാണ് സമരം നടത്തിയത്. അവരുടെ ഏറ്റവും വലിയ ശത്രു ബി.ജെ.പിയാണ്. അതിനിടയില്‍ എന്തെങ്കിലുമുണ്ടായാല്‍ അതൊരു വലിയ സംഭവമാക്കരുത്.
ഏത് മേഖലയിലേയുമുണ്ടാകുന്ന വിജയം തൊഴിലാളിസംഘടനകള്‍ വഴിയാണ്. എല്ലാവരും സമരങ്ങളും പ്രതിഷേധങ്ങളും ശക്തമായ മുന്നേറ്റവും നടത്തിയാണ് മുന്നോട്ടുവന്നത്. രാജ്യത്തെ ഏറ്റവും വലിയ സമരമാണ് സ്വാതന്ത്ര്യസമരം. അന്ന് പലതും നടന്നിട്ടുണ്ട്. നിരവധിപേര്‍ മരിച്ചിട്ടുണ്ട്. അങ്ങനെ പോരാട്ടങ്ങള്‍ നടക്കുന്നമ്പോള്‍ ചില തടസങ്ങള്‍ ഉണ്ടാകും. അത് സഹിച്ച് തന്നെയാണ് എല്ലാവരും മുന്നോട്ടുവന്നിട്ടുള്ളത്.
ഒരു പ്രതിഷേധം നടത്തിയാല്‍, ജാഥനടത്തിയാല്‍, ജനകീയപ്രക്ഷോഭങ്ങള്‍ എന്ത് നടത്തിയാലും ജനങ്ങള്‍ക്ക് ചില അസൗകര്യങ്ങളുണ്ടാകും. ഇവിടെ നടത്തിയത് 48 മണിക്കൂര്‍ പണിമുടക്ക് സമരമാണ്. അതില്‍ അക്രമമുണ്ടാകണമെന്ന് ഒരുകാലത്തും തങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. ഒരു സമരവുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അടച്ചാക്ഷേപിക്കാന്‍ കഴിയില്ല
മാസങ്ങളായി പ്രചാരണങ്ങള്‍ നടത്തിയിരുന്നു. ഇരുചക്രവാഹനങ്ങളും സ്വകാര്യവാഹനങ്ങളും ഒഴിവാക്കണശമന്ന് അപേക്ഷിച്ചു. അത് ലംഘിക്കുകയോ അത്യാവശ്യമായി പോകേണ്ടിവന്നവര്‍ക്കോ ചില അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എല്ലാവരുടെയും മേല്‍ കെട്ടിവച്ച് അടച്ചാക്ഷേപിക്കാന്‍ ശ്രമിക്കരുത്.18 ലക്ഷം അംഗങ്ങളും അവരുടെ കുടുംബങ്ങളും ഈ പാര്‍ട്ടിക്കൊപ്പം നിലനിലര്‍ത്താന്‍ പരിശ്രമിക്കുന്നവരാണ് ഞങ്ങള്‍. കോണ്‍ഗ്രസിന് മോശം വരുന്ന ഒന്നും ഐ.എന്‍.ടി.യു.സിയുടെ ഭാഗത്തുനിന്നുണ്ടാകില്ല. അതുപോലെ ഐ.എന്‍.ടി.യു.സിയെയും ഒപ്പം നിര്‍ത്തണം. പാര്‍ട്ടിക്ക് ബഹുജനാടിത്തറ ഉണ്ടാക്കാന്‍ ഐ.എന്‍.ടി.യു.സിക്ക് കഴിയുന്നതുപോലെ ആര്‍ക്കും കഴിയില്ല.
തന്നെപ്പോലും ചര്‍ച്ചയ്ക്ക് വിളിച്ചിരുത്തിയിട്ട് ആ മാധ്യമസ്ഥാപനം അപമാനിക്കുകയായിരുന്നു. ഒരു വിഷയത്തില്‍ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ അതിനെക്കുറിച്ചാണ് ചോദിക്കേണ്ടതാണ് പത്രധര്‍മ്മം എന്നാണ് താന്‍ കരുതുന്നത്. ചര്‍ച്ചയ്ക്ക് വിളിച്ചിരുത്തി ഉത്തരം മുട്ടിയപ്പോള്‍ പലതും പറയുന്നതല്ല. ആ ചാനലിനോടും ആ മാധ്യമപ്രവര്‍ത്തകനോടും ഒരു പ്രതിഷേധവുമില്ല. പക്ഷേ ആക്രമിച്ച് കീഴടക്കാന്‍ ശ്രമിക്കുന്നത് മാധ്യമധര്‍മ്മമാണെന്ന് കരുതുന്നില്ല. പണം വാങ്ങികൊണ്ട് എന്തും വളിച്ചുപറയുന്ന തരത്തിലേക്ക് ചില ചാനലുകാര്‍ മാറുന്നു. അതിനൊന്നും ഞങ്ങള്‍ക്ക് കഴിയില്ല. തൊഴിലാളി പ്രവര്‍ത്തനം നടത്തുമ്പോള്‍ പലരും ശത്രുക്കളാകുമെന്നും അദ്ദേഹം പറഞ്ഞു.