വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്.
വിമാനത്തിവുണ്ടായ ആക്രമണത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും നേതൃത്വത്തിന്റെ അറിവോടെയല്ല ഇത് നടന്നതെന്നും സുധാകരന് പറഞ്ഞു. അത്തരത്തിലൊരു പ്രതിഷേധം ആവശ്യമില്ലാത്തതായിരുന്നു. എന്നാല്‍ അവരെ തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
വാ തുറന്നാല്‍ വിടുവായിത്തരം മാത്രം പറയുന്ന ഇ.പി ജയരാജനെതിരെ കേസെടുക്കണം. എത്ര ഓഫീസ് അടിച്ചു പൊളിച്ചു. ഞങ്ങള്‍ക്കെന്താ പൊളിക്കാന്‍ കഴിയില്ലേ.. ഞങ്ങള്‍ അതിനെ പ്രോത്സാപ്പിക്കില്ല. അക്രമം തടയാന്‍ തയ്യാറായില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും സുധാകരന് വ്യക്തമാക്കി.
അക്രമം വ്യാപിപ്പിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. അക്രമങ്ങള്‍ക്ക് അവര്‍ക്ക് തല കുനിക്കേണ്ടി വരും. അതിന്റെ ഉദാഹരണമാണ് ഉമാ തോമസ്. കെ റെയിലില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്തിരിയേണ്ടി വന്നു. കെ-റെയിലില്‍ പുറകോട്ട് പോയത് പോലെ അക്രമരാഷ്ട്രീയത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് പുറകോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സിപിഎമ്മിന്റെ വളര്‍ത്ത് ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറുന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരെ പിടിച്ചുവെച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് അടിക്കാന്‍ സമയം കൊടുക്കുയാണ്. നിയമ വ്യവസ്ഥ മറികടന്ന് പൊലീസ് പ്രവര്‍ത്തിച്ചാല്‍ പൊലീസിനെ തള്ളിപ്പറയേണ്ടി വരുമെന്നും സുധാകരന് പറഞ്ഞു.