ജെബി മേത്തര്‍ക്ക് 11 കോടിയുടെ സ്വത്ത്. റഹീമിന്റെ ആസ്തി 26,304 രൂപ. സന്തോഷിന് 10 ലക്ഷം രൂപയുടെ കൃഷി ഭൂമി. രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ അറിയാം.

സംസ്ഥാനത്ത് ഒഴിവുളള രാജ്യസഭാ സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സ്വത്ത് കൈവശമുളളത് കോണ്‍ഗ്രസിന്റെ ജെബി മേത്തറിന്. ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തും 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടുമുണ്ട്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ട്. കൈവശം 1000 രൂപയുമുണ്ട്. ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം വിലയുളള മെഴ്‌സിഡസ് കാര്‍, ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷം, ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ടെന്നും സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ജെബി മേത്തറുടെ പേരില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല

സി.പി.ഐ. എം. സ്ഥാനാര്‍ത്ഥി റഹീമിന്റെ ആസ്തി വെറും 26,304 രൂപയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപയുടെ കൃഷിഭൂമിയും 70,000 രൂപയുടെ ആഭരണങ്ങളുമുണ്ട്. ആറ് ലക്ഷം വിലയുളള വാഹനവും സ്വന്തമായുണ്ട്. 37 ക്രിമിനല്‍ കേസിലെ പ്രതിയാണ് റഹീം.

സി.പി.ഐയുടെ സന്തോഷ് കുമാറിന് 8.5 സെന്റ് ഭൂമിയും വീടുമുണ്ട്.10 ലക്ഷം വില വരുന്ന കൃഷിഭൂമിയുമുണ്ട്. കൈവശം 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും 4 ലക്ഷത്തിന്റെ ആഭരണവും നാല് ലക്ഷത്തിന്റെ കൃഷിഭൂമിയുമുണ്ട്. സന്തോഷിന് 2 ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതകളുണ്ടെന്ന് രേഖകളില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *