കോട്ടയത്ത് കെ റെയില്‍ സമരത്തില്‍ പങ്കെടുത്ത 75 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോട്ടയം: നട്ടാശേരി പാറമ്പുഴയില്‍ കെ-റെയില്‍ സമരത്തില്‍ പങ്കാളികളായ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കലക്ട്രേറ്റ് സമരം നടത്തിയ 75 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസവും സര്‍വ്വേ നടത്തുവാന്‍ പാറമ്പുഴ കുഴിയാലിപ്പടിയില്‍ എത്തിയ കെ.റയില്‍ അധികൃതരെ സമരക്കാര്‍ തടഞ്ഞു. കെ-റെയില്‍ വിരുദ്ധ സമര സമിതി നേതൃത്വത്തില്‍ കല്ലിടുന്ന സ്ഥലത്ത് പന്തല്‍കെട്ടി പ്രതിഷേധ സമരവും ആരംഭിച്ചു.

പാറമ്പുഴ കുഴിയാലിപ്പടിയിൽ വ്യാഴാഴ്ച രാവിലെ തന്നെ സർവ്വേക്കല്ല്  സ്ഥാപിക്കുന്നതിനായി ഉദ്യോഗസ്ഥസംഘം എത്തിയിരുന്നു. വിവരമറിഞ്ഞ നാട്ടുകാരും സ്ഥലത്തെത്തിയതോടെ സംഘം പിൻവാങ്ങി. തുടർന്ന് 9.30 ഓടെ പൊലീസ് സന്നാഹത്തോടെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാരും, കോൺഗ്രസ് – ബിജെപി പ്രവർത്തകരും പിന്മാറിയില്ല. പാലാ ഡിവൈ.എസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയിരുന്നത്.  പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ബലം പ്രയോഗിക്കരുത് എന്ന നിർദേശം നിലനിൽക്കെയാണ് ഗ്രനേഡ് പ്രയോഗിക്കാൻ കഴിയുന്ന വജ്ര അടക്കമുള്ള വൻ സന്നാഹവുമായി പൊലീസ് എത്തിയത്.

സർവ്വേക്കല്ല് സ്ഥാപിക്കാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടതോടെ ഉച്ചയോടെ സംഘം തിരിച്ചു പോയി. പാവങ്ങളുടെ ജീവിതം തുലച്ചു കൊണ്ട് ആരുടേയും വസ്തുവിൽ കല്ലിടാൻ സമ്മതിക്കില്ല എന്ന് ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷും സംഭവസ്ഥലത്ത് എത്തി പ്രഖ്യാപിച്ചു. വിവിധ യുഡിഎഫ് നേതാക്കളും, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുൻ എംഎൽഎ പി.സി ജോർജ്, ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ തുടങ്ങിവരും സംഭവസ്ഥലത്തെത്തി. അധികൃതർ സർവ്വേ നടത്താനാവാതെ പിൻവാങ്ങിയെങ്കിലും സമരസമിതിയുടെ നേതൃത്വത്തിൽ പ്രദേശത്ത് സമരപ്പന്തൽ കെട്ടി പ്രക്ഷോഭം തുടരുകയാണ്. കെ-റെയിൽ പദ്ധതിയിൽ നിന്നും പിന്മാറുന്നത് വരെ സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *