വിപണി വിലയ്ക്ക് ഡീസലിനായി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍

എണ്ണക്കമ്പനികള്‍ വിപണിവിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസി സുപ്രീം കോടതിയില്‍. അധികവില ഈടാക്കുന്നത് കെ.എസ്.ആര്‍.ടി.സിയെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തളളിവിടുമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ വ്യക്തമാക്കി. കൂടിയ നിരക്ക് ശരിവച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. പമ്പുകളിലെ വിപണി വിലയ്ക്കു കെഎസ്ആര്‍ടിസിക്കു ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി. അഭിഭാഷകന്‍ ദീപക് പ്രകാശ് മുഖേന ഫയല്‍ ചെയ്ത ഹര്‍ജി, വേനല്‍ അവധിക്ക് സുപ്രീം കോടതി അടയ്ക്കുന്നതിനു മുന്‍പ് കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് ശ്രമം. ജീവനക്കാരുടെ ശമ്പള വിതരണത്തിലും കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി നേരിടുകയാണ്.