- ഡോ. കെ.ടി.ജലീല്‍
ധര്‍മ്മ വിജയത്തിന്റെ പ്രതിരുപമെന്നാണ് ജോമോന് പുത്തന്‍ പുരയ്ക്കലിനെ ഡോ.സുകുമാര്‍ അഴിക്കോട് വിശേഷിപ്പിച്ചത്. ”ഇത്ര നീണ്ട കാലത്തിനു ശേഷം ഓദമദ്യാഗിക രൂപത്തിലുള്ള സമസ്ത പ്രതിബന്ധങ്ങളെയും അതിലംഘിച്ചു കൊണ്ട് ഈ കേസ് പുനരുദ്ധരിച്ച ജോമോന്, സത്യത്തില്‍ അപമൃത്യുവിന് ഇരയായ സിസ്റ്റര്‍ അഭയക്കു തന്നെ പുനര്‍ജീവിതം കൊടുത്തിരിക്കുകയാണ് എന്നും അഴീക്കോട് മാഷ്
ജോമോനെ അഭിനന്ദിച്ച് എഴുതിയ കത്തില്‍ പറയുന്നുണ്ട്. കേസ് നടത്തി മതിയാകാത്ത വ്യവഹാരി എന്നാണ് ഞാനാദ്യം ജോമോനെ കരുതിയിരുന്നത്. വ്യക്തി വിരോധം തീര്‍ക്കാന്‍ സാത്വികന്മാരായ പുരോഹിതരെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ചയാള്‍ എന്നും വിചാരിച്ചിരുന്നു. അതു കൊണ്ടു തന്നെ പരിചയം ഒരു ചിരിയില്‍ ഒതുക്കാനാണ് ആദ്യമൊക്കെ ഇഷ്ടപ്പെട്ടത്. 28 വര്‍ഷത്തെ നിരന്തര നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ അഭയ കേസിന്റെ ചുരുളഴിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തതോടെ ജോമോനെ സംബന്ധിച്ച എന്റെ ധാരണകള്‍ അടിമുടി മാറി. പിന്നെ അദ്ദേഹം ശരിക്കും എന്റെ ഹീറോയായി. ഓരോ പൊതു പ്രവര്‍ത്തകനും നിയമ വിദ്യാര്‍ത്ഥിയും നീതിക്കായി കൊതിക്കുന്നവരും അറിഞ്ഞിരിക്കേണ്ട ജീവിതമാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ എന്ന ആറാം ക്ലാസ്സുകാരന്റേത്.
ദൈവത്തിന്റെ മണവാട്ടിയെന്നാണ് കന്യാസ്ത്രീകള്‍ അറിയപ്പെടുന്നത്. എന്നാല്‍ ചില പുരോഹിതന്മാര് അവരെ സ്വന്തം മണവാട്ടികളാക്കി മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ പുറത്തറിയാതിരിക്കാനാണ് അഭയ എന്ന പാവം കന്യാസ്ത്രീയെ കോടാലി കൊണ്ട് തലക്കടിച്ച് കൊന്ന് കിണറ്റിലെറിഞ്ഞത്. ഒരു സാധാരണ മരണവും ആത്മഹത്യയുമാക്കി അതിനെ മാറ്റാന്‍ പ്രതങ്ങളും സഭാ നേതൃത്വവും ബോധപൂര്‍വ്വം ശ്രമിച്ചു. എണ്ണിയാലൊടുങ്ങാത്ത എത്രയോ ദുര്‍മരണങ്ങളുടെ പട്ടികയിലേക്ക് അഭയയുടെ മരണവും വലിച്ചെറിയാനുള്ള നീക്കത്തിന് തടയിട്ടത് ജോമോനാണ്.
ഒന്നുമല്ലാതാകും എന്ന് കരുതിയേടത്ത് നിന്നാണ് പ്രതികള്‍ സമൂഹമമദ്ധ്യത്തില് തുറന്നു കാട്ടപ്പെട്ടത്. 1968 ല്‍ ക്നാനായ സഭാ വിശ്വാസികളായ ഒരു ദരിദ്രകുടുംബത്തിലാണ് ജോമോന് ജനിച്ചത്. സിസ്റ്റര്‍ അഭയ ജനിച്ച കോട്ടയം ജില്ലയിലെ ഉഴവൂരിനടുത്തുള്ള അരീക്കരയില്‍.
കുടുംബത്തിലെ പട്ടിണിയും കഷ്ടപ്പാടുകളും കാരണം കേവലം ആറാം
ക്ലാസ്സുവരെയെ ജോമോന് പഠിക്കാന്‍ കഴിഞ്ഞുള്ളൂ. പിന്നെ കൂലിപ്പണിയെടുത്ത് ജീവിച്ചു. പൊതുപ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹം നീണ്ടൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി. ഗ്രൂപ്പിസത്തില്‍ മനം നൊന്ത് ജോമോന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. പതിനേഴാം വയസ്സില്‍ 1985 ല്‍ ദൈവ നിയോഗം പോലെ സ്വാതന്ത്ര്യ സമര സേനാനി കെ.ഇ മാമന്റെ അടുത്തെത്തിപ്പെട്ടു.
മാമന് സാറിന്റെ അടുത്ത് കഴിയവെയാണ് 1992 മാര്‍ച്ച് 27 ന് സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നത്. സഭാ നേതൃത്വം അത് ആത്മഹത്യയാണെന്ന് വിധിയെഴുതി. സഭാചരിത്രത്തില്‍ ആദ്യമായി ആത്മഹത്യ ചെയ്ത ഒരാളുടെ അന്ത്യകൂദാശക്ക് ബിഷപ്പ് പങ്കെടുത്തത് ഇരുപത്തിരണ്ടുകാരനായ ജോമോനില്‍ സംശയത്തിന്റെ മുള പൊട്ടിച്ചു. എന്തൊക്കെയോ മറക്കാന്‍ അഭിവന്ദ്യ പിതാക്കന്മാര് ശ്രമിക്കുന്നെന്ന തോന്നല്‍ ശക്തിപ്പെടുന്ന സമയത്താണ് അഭയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ആക്ഷന്‍ കൌണ്‍സില്‍ കോട്ടയം പൈകടാസ് കോളേജില്‍ വെച്ച് മാര്‍ച്ച് 31 ന് രൂപം കൊള്ളുന്നത്. ജോമോനെ കണ്‍വീനറായി കൌണ്‍സില്‍ യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.
അതോടെ ചിത്രം പതുക്കെ മാറാന്‍ തുടങ്ങി. ആക്ഷന്‍ കൌണ്‍സിലിനെ നിര്‍വീര്യമാക്കാനും അംഗങ്ങളെ പ്രലോഭിപ്പിച്ച് പിന്തിരിപ്പിക്കാനും ശ്രമം നടന്നു. ജോമോന് ഒന്നിനും വഴങ്ങിയില്ല. ദൈവ ഹിതമായി അദ്ദേഹത്തിലേക്ക് സന്നിവേഷിപ്പിക്കപ്പെട്ട സത്യം വെളിച്ചത്ത് കൊണ്ടുവരാനുള്ള അടങ്ങാത്ത ത്വരയാണ് സത്യത്തില്‍ അഭയാ കേസ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിലേക്ക് നയിച്ചത്. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ 1994 നവംബര്‍ 27 ന് സ്വന്തം സഹോദരനെ ഉപയോഗിച്ച് പ്രതികള്‍ ഉള്‍പ്പെടുന്നവര്‍ ജോമോനെ മാരകമായി വെട്ടിക്കൊലപ്പെടുത്തന് ശ്രമിച്ചു. യേശുവിന്റെ കൃപയാല്‍
അദ്ദേഹം ആ വധോദ്യമത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു.
പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നിന്നാണ് ജോമോന് എന്ന പോരാളി ജനിക്കുന്നത്. പണവും പദവികളും നിരന്തരം തേടിയെത്തിയിട്ടും ജോമോനെ ആര്‍ക്കും വിലക്കെടുക്കാനായില്ല. ഉള്ള സമ്പാദ്യം വിറ്റ് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച അദ്ദേഹത്തെ സഹായിക്കാന്‍ നാനാതുറകളില്‍ നിന്നും സന്മനസ്സുള്ളവര് എത്തി. മുന്‍സിഫ് കോടതി മുതല്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം വരെ കേസ് കെട്ടുകളുമായി ഒറ്റക്ക് ജോമോന് എന്ന ”ദൈവദൂതന്” കയറിയിറങ്ങി. 28 വര്‍ഷത്തെ നിയമ പോരാട്ടം ജോമോനെ ഒരു പുതിയ മനുഷ്യനാക്കി. നീതിന്യായ രംഗത്തെ ചിലരുടെ തനിനിറം അദ്ദേഹം മനസ്സിലാക്കി. കേസ് ഏല്‍പ്പിച്ച വക്കീലന്മാര് ഹിയറിംഗ് സമയത്ത് ഹാജരാകാതെ മുങ്ങി. ദുരനുഭവങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത കയത്തില്‍ നിന്ന് ജോമോന് ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടേയിരുന്നു. നിയമ പോരാട്ട വഴികളില്‍ പലരെയും
അദ്ദേഹം കണ്ടുമുട്ടി. അവരില്‍ നല്ലൊരു ശതമാനം പേര്‍ക്കും സാത്താന്റെ മുഖമായിരുന്നു എന്ന് ജോമോന് തിരിച്ചറിഞ്ഞു. അപൂര്‍വ്വമെങ്കിലും യേശുവിന്റെ മുഖമുള്ളവരെയും ജോമോന് കണ്ടു. വിരുദ്ധ ധ്രുവങ്ങളില്‍ താന്‍ കണ്ടുമുട്ടിയശരിയുടെയും തെറ്റിന്റെയും ആള്രുപങ്ങളെ പച്ചക്ക് തുറന്നു കാട്ടാന്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ കാണിച്ച അസാമാന്യ ധൈര്യത്തിന്റെ ഉല്‍പ്പന്നമാണ് ”ദൈവത്തിന്റെ സ്വന്തം വക്കീല്‍” എന്ന അദ്ദേഹത്തിന്റെ ആത്മകഥ. നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ പൊള്ളത്തരം മുഴുവന്‍ തുറന്ന് കാട്ടുന്ന ഗ്രന്ഥമാണിത്.
അഭയ കേസ് നടത്തിപ്പില്‍ ജോമോന് നേരിട്ടതിനെക്കാള്‍ വലിയ പ്രതിബന്ധങ്ങള്‍ വരും നാളുകളില്‍ അദ്ദേഹത്തിന് നേരിടേണ്ടി വരും. പുസ്തകം ജനങ്ങളുടെ കൈകളില്‍ എത്തുന്നതോടെ പല പകല്‍ മാന്യന്മാരുടെയും മുഖമൂടി വലിച്ച് ചീന്തപ്പെടും. വിരലിലെണ്ണാവുന്നവരെങ്കിലും ഉണ്ണിയേശുവിന്റെ മുഖമുള്ള
നീതിമാന്മാരുടെ തെളിഞ്ഞ മുഖങ്ങളും സമൂഹത്തിന്റെ മുന്നിലെത്തും.
ധാര്മ്മികന്മാരെയും അധാര്മ്മികന്മാരെയും തിരിച്ചറിയാനുള്ള കണ്ണാടിയായി ജോമോന്റെ പുസ്തകം മാറും. ഓരോ മലയാളിയുടെ വീട്ടിലും വേദ്രഗന്ഥം പോലെ സൂക്ഷിക്കേണ്ട നിധിയായി ജോമോന് പുത്തന്‍ പുരയ്ക്കലിന്റെ ആത്മകഥ പരിണമിക്കും. തീര്‍ച്ച.
ജസ്റ്റിസ് രാംകുമാര്‍ 23 ചോദ്യങ്ങള്‍ ചോദിച്ച് വാദിയായ ജോമോനെ പ്രതിയാക്കാന്‍ നടത്തുന്ന കുല്സിത നീക്കവും അത് പൊളിച്ചടുക്കിയ കഥയും വിവരിച്ചു രകൊണ്ടാണ് ജോമോന്റെ പുസ്തകം തുടങ്ങുന്നത്.
അഭയയുടെ മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തിയ എ.എസ്.ഐ വി.വി. അഗസ്റ്റിനും കെ.ടി. മൈക്കിള്‍ എന്ന പോലീസുദ്യോഗസ്ഥനും നടത്തിയ നഗ്നവും (ക്രൂരവുമായ നിയമ ലംഘനങ്ങള്‍ അക്കമിട്ട് പുസ്തകത്തില്‍ നിരത്തുന്നു. ചാക്കോ വര്‍ഗ്ഗീസ് എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണില്‍ പതിഞ്ഞ സത്യത്തിന്റെ അടയാളങ്ങള്‍
ചവിട്ടുപടികളാക്കിയുള്ള ജോമോന്റെ നിയമ യുദ്ധം അല്പമെങ്കിലും നീതിബോധം കാത്ത് സൂക്ഷിക്കുന്നവരെ ആവേശഭരിതമാക്കും. കന്യാസ് ത്രീകളും പുരോഹിതന്മാരും കള്ളമൊഴികള്‍ സി.ബി.ഐ. ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ക്ക് കൊടുത്തപ്പോള്‍ ചെറിയ കളവുകള്‍ തൊഴിലാക്കിയിരുന്ന അടയ്ക്കാ രാജു നല്കിയ സൂര്യനെക്കാള്‍ തിളക്കമുള്ള മൊഴിയും ജോമോന് വിശകലന വിധേയമാക്കുന്നു.
അടയ്ക്കാ രാജു കളവ് ഉപേക്ഷിച്ച് വിശുദ്ധനായ മനുഷ്യനായ സംഭവവും അദ്ദേഹം പറയുന്നു. ആക്രിക്കടക്കാരന് ഷമീറും വാഗ്ദാനങ്ങള്‍ അവഗണിച്ച് സത്യത്തിന്റെ കൂടെ നിന്നതില്‍ ജോമോന് ആഹ്ലാദിക്കുന്നു. നൈറ്റ് വാച്ച് മാന്‍ ദാസ് പറഞ്ഞ മൊഴി രേഖപ്പെടുത്തിയ പ്പോള്‍ സി.ബി.ഐ. കാണിച്ച ഗുരുതര വീഴ്ച
ഇല്ലായിരുന്നെങ്കില്‍ രണ്ടാം പ്രതി ഫാദര്‍ പുതൃക്കയില്‍ രക്ഷപ്പെടില്ലായിരുന്നു എന്നാണ് ജോമോന്റെ പക്ഷം.
ന്യായാധിപന്മാരെക്കാളും പോലീസ് ഓഫീസര്‍മാരെക്കാളും വക്കീലന്മാരെക്കാളും ഉദ്യോഗസ്ഥരെക്കാളും എത്രയോ നല്ലവരാണ് രാഷ്ട്രീയക്കാര്‍ എന്ന് ജോമോന് പറയാതെ പറയുന്നുണ്ട് തന്റെ പുസ്തകത്തില്‍. പല സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും അഭയ
കേസ് സി.ബി.ഐ. ക്ക് വിടാന്‍ തീരുമാനിച്ചത് കെ. കരുണാകരന്
മുഖ്യമ്രത്രിയായിരിക്കെയാണ്. മുന്‍ മുഖ്യ്ര്രമി ഇ.കെ. നായനാര്‍, മുന്‍മന്ത്രി ടി.കെ.രാമകൃഷ്ണന്, പ്രധാനമ്രത്രി ദേവഗൌഡയെ കണ്ട് നിവേദനം നല്കാന് സാഹചര്യമൊരുക്കിയ മുന്‍ മ്രന്തിയും എം.പി.യുമായ എം.എ. ബേബി, മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍, മുന്‍ എം.പി. ടി. ഗോവിന്ദന്, അബ്ദുസ്സമദ് സമദാനി എം.പി.പ്രധാനന്ത്രി നരസിംഹ റാവുവിനെ കാണാന്‍ സഹായിച്ച അന്നത്തെ കോട്ടയം എം.പി. രമേശ് ചെന്നിത്തല, സി.ബി.ഐ. ഡയറക്ടറോട് കാര്യങ്ങള്‍ പറയാന്‍ കൂടെച്ചെന്ന മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്, മുന്‍ മന്ത്രി ലോനപ്പന് നമ്പാടന്, ഉഴവൂര്‍ വിജയന്, കേസ നടത്താന്‍ പണമില്ലാതെ വന്നപ്പോള്‍ കയ്യയച്ച സഹായിച്ച മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവരുടെയെല്ലാം കൈതാങ്ങ് ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിയമ പോരാട്ട വീഥിയില്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് ജോമോന് യാതൊരു പിശുക്കുമില്ലാതെ ”ദൈവത്തിന്റെ സ്വന്തം
വക്കീലി”ല്‍ രേഖപ്പെടുത്തുന്നു. ജസ്റ്റിസ് രാംകുമാര്‍, ജില്ലാ ജഡ്ജ് വി.ടി. രഘുനാഥ്, അഡ്വ. കൃഷ്ണമൂര്‍ത്തി, അഡ്വ.കൃഷ്ണപ്രസാദ്, അഡ്വ. എം.ആര്. അഭിലാഷ്, അഡ്വ. കനകരാജ്, അഡ്വ.
ശാസ്തമംഗലം അജിത്കുമാര്‍, അഡ്വ. എ.എക്സ്. വര്‍ഗീസ്, കെ.ടി. മൈക്കിള്‍, ത്യാഗരാജന്, എന്നിവര്‍ ജോമോന്റെ പേനത്തുമ്പില്‍ കിടന്ന് പുളയുന്നുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ.ജി. ബാലകൃഷ്ണന്, മുന്‍ സി.ബി.ഐ. ഡയറക്ടര്‍ വിജയ ശങ്കര്‍, സി.ബി.ഐ. മുന്‍ സ്പെഷല്‍ ഡയറക്ടര്‍ എം.എല്‍. ശര്‍മ, എറണാകുളം മുന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഡി. ശാരംഗധന്‍, പ്രതികളെ ശിക്ഷിച്ച് കൊണ്ട് വിധി പറഞ്ഞ തിരുവനന്തപുരം സി.ബി.ഐ. കോടതി ജഡ്ജ് സനല്‍കുമാര്‍, സി.ബി.ഐ. മുന്‍ എസ്.പി. നന്ദകുമാര്‍ നായര്‍, സി.ബി.ഐ. മുന്‍ ഡി.വൈ.എസ്.പി. വര്‍ഗീസ് പി. തോമസ്, ഈയടുത്ത് മരണപ്പെട്ട പോലീസ് സര്ജന് ഡോ. രമ, തുടങ്ങി നിരവധി പേര് നീതിയുടെ പുലര്‍ച്ചക്കായി നിഷ്പക്ഷമായും സത്യസന്ധമായും നിലകൊണ്ടതിന്റെ നേര്‍സാക്ഷ്യങ്ങളും പുസ്തകത്തിലുണ്ട്.
അഭയ കൊല്ലപ്പെട്ടതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കേസ് ഒതുക്കിത്തീര്‍ക്കാനും അട്ടിമറിക്കാനും നാര്‍ക്കോ അനാലിസിസ് വിവരങ്ങള്‍ സ്വന്തം ഭാര്യാ സഹോദരി ഭര്‍ത്താവിന്റെ ജേഷ്ഠന് ഫാദര്‍ കോട്ടൂരിന് ഒറ്റു കൊടുക്കാനും മുതിര്‍ന്ന സുപ്രീംകോടതി മുന്‍ ജഡ്ജും കര്‍ണ്ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസും കേരള ഹൈക്കോടതി ജഡ്ജും നിലവിലെ കേരള ലോകായുക്തയുമായ സിറിയക് ജോസഫിനെ വിവസ്ത്രനാക്കി ജോമോന് സമൂഹമധ്യത്തില്‍ വിചാരണ ചെയ്യുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഒരു ന്യായാധിപന് എങ്ങനെ ആവരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലോകായുക്ത സിറിയക് ജോസഫെന്ന് തെളിവു സഹിതം പുസ്തകത്തില്‍ ജോമോന് സമര്‍ത്ഥിക്കുന്നു. അഭയ കൊല്ലപ്പെടുമ്പോള്‍ സര്‍ക്കാരിന്റെ നോമിനിയായി അഡീഷണല്‍ അഡ്വക്കറ്റ് ജനറലായ അന്നു മുതല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ പ്രതികളെ രക്ഷിക്കാനുള്ള ഇടപെടല്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം വാങ്ങിക്കൊടുക്കാനും ലോകായുക്ത പദവി ദുരുപയോഗം ചെയ്ത് 70 വയസ്സിന്റെ പിന്‍ബലത്തില്‍ ഒന്നാം പ്രതിയും തന്റെ ഉറ്റ ബന്ധുവുമായ
ഫാദര്‍ കോട്ടൂരിന്റെ ശിക്ഷ ഇളവ് ചെയ്യാന്‍ നടത്തിയ ഇടപെടലോളം നീണ്ടതാണെന്ന് പുസ്തകം സംശയലേശമന്യേ വ്യക്തമാക്കുന്നു. നീതിബോധം ലവലേശം തൊട്ടുതീണ്ടാത്ത ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്താണ് സിറിയക് ജോസഫെന്ന് ജോമോന് ”ദൈവത്തിന്റെ സ്വന്തം വക്കീലില്‍* മറയില്ലാതെ എഴുതുന്നു.
രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ ശക്തിയും ദൗര്‍ബല്യവും ഒരു സാധാരണ ഇന്ത്യന്‍ പൗരന്റെ തീക്ഷ്ണമായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ വെൡപ്പെടുത്തുമ്പോള് അത് കേരളത്തില്‍ കോളിളക്കം മാത്രമല്ല മഹാസ്ഫോടനം തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്. പുസ്തകം പുറത്തിറങ്ങുന്നതോടെ ഉഗ്രപ്രതാപികളായ അനീതിയുടെ അപ്പോസ്തലന്മാര് ജോമോനെ വകവരുത്താനുളള സാദ്ധ്യത പോലും തളളിക്കളയാവുന്നതല്ല. പോലീസ് ജോമോന്റെ ജീവന് സംരക്ഷണം ഉറപ്പു വരത്തണമെന്ന് ഉത്തരവാദപ്പെട്ട നിയമസഭാ സാമാജികന് എന്ന നിലയില്‍ ഞാന്‍ ആവശ്യപ്പെടുന്നു.
460 പേജുകള്‍ വരുന്ന ദൈവത്തിന്റെ സ്വന്തം വക്കീല്‍ തൃശൂര്‍ കറന്റ് ബുക്സാണ് പുറത്തിറക്കുന്നത്. 499 രൂപയാണ് മുഖവില. പെണ്‍കുട്ടികളുളള ഓരോ വീട്ടിലും വാങ്ങി സൂക്ഷിക്കേണ്ട ഗ്രന്ഥമാണ് ജോമോന്റെ ആത്മകഥ. വറ്റാത്ത നീതിബോധം ഹൃദയത്തിലുളള മുഴുവന്‍ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്നു ദൈവത്തിന്റെ സ്വന്തം വക്കീലിനായ്.