കൂളിമാട് പാലം തകർന്ന സംഭവത്തിൽ കരാര്‍ കമ്പനിക്ക് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: നിര്‍മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പു സെക്രട്ടറി അജിത്ത് കുമാറിന് സമര്‍പ്പിച്ചു. വിജിലന്‍സ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിര്‍മാണത്തിലിരിക്കെയാണ് പാലത്തിന്റെ ബീം തകര്‍ന്നത്. സംഭവസമയത്ത് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും അസിസ്റ്റന്റ് എഞ്ചിനീയറും സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.
ബീം തകര്‍ന്നുവീണത് നിര്‍മാണത്തിലെ പാളിച്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്കാന് കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടറോട് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു.