ലോ കോളജ് അക്രമത്തില്‍ നിയമസഭയില്‍ ഏറ്റുമുട്ടിമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും; ഒടുവില്‍ ഇറങ്ങിപ്പോക്കും

തിരുവനന്തപുരം: കഴിഞ്ഞദിവസം തിരുവനന്തപുരം ലോ കോളജില്‍ ഉണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തിന്റെ പേരില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ വാക്ക് പോര്. പോര് മൂത്ത് പരസ്പരം ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിച്ച ശേഷം പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. പ്രതിപക്ഷനേതാവിന്റെ പദവി വഹിച്ചുകൊണ്ട്പഴയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാവിനെപ്പോലെ നിലപാട് സ്വീകരിച്ചുവെന്ന് സതീശനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചപ്പോള്‍ പണ്ട് പാര്‍ട്ടിസെക്രട്ടറിയായിരുന്ന് എതിരാളികളെ ഇല്ലാതാക്കാന്‍ ചീട്ട് നല്‍കിയ വ്യക്തിയാകരുത് മുഖ്യമന്ത്രിയെന്ന് സതീശന്‍ തിരിച്ചടിച്ചു.
ഉപക്ഷേപത്തിലൂടെയാണ് ലോകോളജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം പ്രതിപക്ഷനേതാവ് സഭയില്‍ ഉന്നയിച്ചത്. കെ.എസ്.യു. പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ ഭീകരമായി ആക്രമിച്ചു. വനിതാപ്രവര്‍ത്തകയെപ്പോലും ക്രൂരമായി നിലത്തിട്ട് ചവുട്ടി വലിച്ചിഴച്ചു. കട്ടപ്പന് ഗവണ്‍മെന്റ് കോളജിലും സമാനമായ രീതിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഗീത എന്ന പെണ്‍കുട്ടിയെ ആക്രമിച്ചു. പോലീസിന് മുന്നില്‍ വച്ചാണ് മര്‍ദ്ദനം ഉണ്ടായത്. ഇപ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരേയും ഗുണ്ടകളേയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഈ വാചകമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
പഴയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാവിനെപ്പോലെ കേരളത്തിലെ ഏറ്റവും പ്രബലമായ വിദ്യാര്‍ത്ഥിസംഘടനയ്ക്കെതിരെ ഉറഞ്ഞുതുള്ളാന്‍ പ്രതിപക്ഷനേതൃസ്ഥാനം ഉപയോഗിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഒരു പുരുഷസംഘടനയായല്ല, കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എസ്.എഫ്.ഐക്ക് അംഗീകാരം ലഭിച്ചത്. ആയിരക്കണക്കിന് പെണ്‍കുട്ടികളും ഇതിന്റെ ഭാഗമാണ്. നിങ്ങള്‍ എന്തെല്ലാമാണ് അഴിച്ചുവിട്ടിരുന്നതെന്ന് ഓര്‍ക്കണം. അതൊക്കെ അജീവിച്ച് തന്നെയാണ് ഇവിടെ എത്തിയത്. പിന്‍നിരയിലിരിക്കുന്നവരുടെ നിലവാരത്തിലേക്ക് പോയി പ്രതിപക്ഷനേതാവ് തന്റെ സ്ഥാനത്തെ ദുരുപയോഗം ചെയ്യരുത്. പ്രബലമായ ഒരു വിദ്യാര്‍ത്ഥിസംഘടനയെ ഏത് നിലയ്ക്കും അപമാനിക്കുകയും അതിന് പ്രതിപക്ഷനേതൃസ്ഥാനം ഉപയോഗിക്കുകയും ചെയ്യുകയെന്നത് ശരിയല്ല.
ലോകോളജിലെ യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ടുസംഘടനകളും പരാതി നല്‍കിയിട്ടുണ്ട്. പരിശോധിച്ച് കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പിന്‍നിരയില്‍ ഇരിക്കുന്നവരെല്ലാം മോശക്കാരാണെന്ന നിലപാട് ശരിയല്ലെന്ന് വി.ഡി. സതീശന്‍ തിരിച്ചടിച്ചു. അവരാരും ഓട് പൊളിച്ച് ഇറങ്ങിവന്നവരല്ല. ജനങ്ങളുടെ അംഗീകാരത്തോടെ തന്നെയാണ് വന്നിരിക്കുന്നത്. ഗുണ്ടകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.
പഴയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാവിന്റെ നിലയില്‍ വീണ്ടും അധിക്ഷേപിക്കുകയാണെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കി. പിന്‍നിരയിലിരിക്കുന്ന എല്ലാവരെയുമല്ല ഉദ്ദേശിച്ചത്. താന്‍ സംസാരിക്കുമ്പോള്‍ അവിടെ ചിലര്‍ ഗോ ഗോ വിളിക്കുന്നുണ്ടായിരുന്നു. അവരെപ്പോലെ അധഃപതിക്കരുതെന്ന് തന്നെയാണ് പറഞ്ഞത്. പെണ്‍കുട്ടികളുടെ അവകാശപ്പോരാട്ടത്തിലൂടെ തന്നെയാണ് എസ്.എഫ്.ഐ വളര്‍ന്നുവന്നത്. അങ്ങനെ വളര്‍ന്നുവരുമ്പോള്‍ ഇതിനെയൊക്കെ തടയാന്‍ ശ്രമിച്ച പഴയ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്ന നിലയില്‍ വിഷമം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
താന്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാവായി തന്നെയാണ് വളര്‍ന്നുവന്നതെന്ന് വി.ഡി. സതീശന്‍ തിരിച്ചടിച്ചു. എന്നാല്‍ അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന പ്രധാനപ്പെട്ട സ്ഥാനത്താണിരിക്കുന്നത്. ഇല്ലാതെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ഉത്തരവു നല്‍കിയ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ലെന്ന് ഓര്‍ക്കണമെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് അദ്ദേഹംപറഞ്ഞു.
ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്തത് തങ്ങളല്ലെന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കി. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരാണ് തങ്ങളുടെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നവരേയും ഇപ്പോള്‍ ഉള്ളവരേയും ഗുണ്ടകളേയും പോലീസിനേയും ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചത്. തങ്ങള്‍ ഒരിക്കലും അക്രമം ആഹ്വാനംചെയ്തിട്ടില്ല. എന്തൊക്കെ ചെയ്തിട്ടും തങ്ങള്‍ തകര്‍ന്നു തകര്‍ന്നുപോകുകയും മറുഭാഗം ഉയര്‍ന്നു ഉയര്‍ന്നുവരികയും ചെയ്യുന്നതിലുള്ള വിഷമമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *