തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

കൊച്ചി: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ് വരണാധികാരി മുന്‍പാകെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ജോ ജോസഫിന് കെട്ടിവെക്കാനുള്ള പണം പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് നല്‍കിയത്.സിപിഎം ജില്ല സെക്രട്ടറി സി എന്‍ മോഹനന്, സിപിഐ ജില്ല സെക്രട്ടറി പി രാജു, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി തുടങ്ങിയവര്‍ സ്ഥനാര്‍ഥിയെ അനുഗമിച്ചു. കാക്കനാട് കളക്ടറേറ്റിലെ ഉപതെരഞ്ഞെടുപ്പ് വരണാധികാരി മുമ്ബാകെ പകല്‍ 11നാണ് പത്രിക സമര്‍പ്പിച്ചത്.കളപ്പുരക്കല്‍ പറമ്ബില്‍ കുടുംബത്തില്‍ കെ വി ജോസഫിന്റെയും എം ടി ഏലിക്കുട്ടിയുടെയും മകനായി 1978 ഒക്ടോബര്‍ 30നാണ് ഡോ. ജോ ജോസഫ് ജനിച്ചത്. സ്കൂള്‍ വിദ്യാഭ്യാസം പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളില്‍. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ നിന്നും പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് പാസായശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസും ഒഡീഷയിലെ എസ്സിബി മെഡിക്കല്‍ കോളജില്‍നിന്നും ജനറല്‍ മെഡിസിനില്‍ ബിരുദാനന്തര ബിരുദവും നേടി.
ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) നിന്നു കാര്‍ഡിയോളജിയില്‍ ഡിഎം കരസ്ഥമാക്കി. 2012 മുതല്‍ എറണാകുളം ലിസ്സി ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധനായി പ്രവര്‍ത്തിച്ചു വരികയാണ്. അക്കാദമിക തലത്തില്‍ ജോ ജോസഫ് മികവ് പുലര്‍ത്തിയിരുന്നു.
സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്തെ പ്രശസ്ത എന്‍ജിഒയായ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ എക്സിക്യൂുട്ടീവ് ട്രസ്റ്റിയാണ്. വിവിധ കാര്‍ഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് വ്യാപനകാലത്തും സാമൂഹിക ഇടപെടലുകള്‍ നടത്തി.