ലണ്ടൻ മോഡൽ കെസ്ആർടിസി സിറ്റി സർക്കുലർ സർവീസിന് ഊർജമാകാൻ ഹരിയാനയിൽ നിന്ന് ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം: ലണ്ടൻ മോഡലിൽ തിരുവനന്തപുരം നഗരത്തിലാരംഭിച്ച കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സർവീസിനായി ഇലക്ട്രിക് ബസുകൾ എത്തുന്നു. ആദ്യ ബാച്ചിൽ 5 ബസുകളാണ് ഹരിയാനയിലെ ഫാക്ടറിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടത്. മൂന്ന് ദിവസം കൊണ്ട് ഇവ തിരുവനന്തപുരത്ത് എത്തും.
കൊവിഡിന് ശേഷം നഗരവാസികളെ കെഎസ്ആർടിസിയിലേക്ക് തിരികെ കൊണ്ടുവരുന്നതിൽ നിർണായക പങ്കാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ സിറ്റി സർക്കുലർ സർവീസിനുള്ളത്. തുടക്ക കാലത്തുള്ളതിന്റെ ഇരട്ടിയോളം യാത്രക്കാർ കയറിത്തുടങ്ങിയെങ്കിലും സർവീസ് പൂർണ തോതിൽ ലാഭകരമായിട്ടില്ല. സർക്കുലർ സർവീസ് ലാഭത്തിലാക്കുന്നതിനാണ് ഇലക്ട്രിക് ബസിലേക്കുള്ള ചുവടു മാറ്റം.
ഈ മാസം രണ്ട് ഘട്ടങ്ങളിലായി 25 ഇലക്ടിക് ബസുകൾ കൊണ്ടുവരാനായിരുന്നു ധാരണ. അൽപ്പം വൈകിയെങ്കിലും ഇതിലുള്ള അഞ്ച് ബസുകളാണ് ഇപ്പോൾ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ 10 ബസ്സുകളും മൂന്നാം ഘട്ടത്തിൽ 15 ബസ്സുകളും എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. നിലവിൽ ലോ ഫ്ലോര്‍ ബസുകളാണ് സിറ്റിയിൽ സര്‍ക്കുലർ സര്‍വീസ് നടത്തുന്നത്.
നഷ്ടത്തിലുള്ള റൂട്ടുകളിലാണ് ആദ്യം ഇലക്ട്രിക് ബസുകൾ നൽകുക. അവിടങ്ങളിൽ സർവീസ് നടത്തുന്ന റെഡ് ബസുകളെ ഷട്ടിൽ സർവീസിലേക്ക് മാറ്റും. ഇലക്ടിക് ബസുകൾ എത്തുന്നതോടെ ഇന്ധനച്ചെലവ് കുറയുമെന്നും ടിക്കറ്റ് കളക്ഷൻ കൂടുമെന്നും മാനേജ്മെൻറ് കണക്ക് കൂട്ടുന്നു. നിലവിൽ ശരാശരി 25000 ആളുകൾ കയറുന്ന സർവീസിന്റെ പ്രതിദിന കളക്ഷൻ രണ്ടര ലക്ഷം രൂപയാണ്.