കാട്ടുപന്നികളെ കൊല്ലരുത്:കേരളത്തിലെ മന്ത്രിസഭാ തീരുമാനത്തിനെതിരെ മനേകാ ഗാന്ധി.

ന്യൂഡല്‍ഹി: അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയ കേരളത്തിലെ മന്ത്രിസഭാ തീരുമാനത്തിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മനേകാ ഗാന്ധി. 

സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മനേകാ ഗാന്ധി കേരള വനം വകുപ്പ് മന്ത്രിക്ക് കത്തയച്ചു.ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷന്‍മാര്‍ക്ക് നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ ദുരിതം കാണാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരന്തരം നിരാകരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തുപോന്നിരുന്നത്.മനേകാ ഗാന്ധിക്ക് ഇത് സംബന്ധിച്ച്‌ രേഖാമൂലം മറുപടി നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *