കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനു ജയില്‍ മോചനം, മന്ത്രിസഭയുടെ തീരുമാനത്തിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ഉടന്‍ ജയില്‍മോചിതനാകും. മണിച്ചനുള്‍പ്പെടെ ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കാനുള്ള മന്ത്രിസഭയുടെ ശിപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അംഗീകരിച്ചതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. മണിച്ചനെ കൂടാതെ വിവിധ കേസുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 32 പേര്‍ കൂടി ജയില്‍മോചിതരാകും.
കേസിലെ ഏഴാം പ്രതിയായ മണിച്ചന് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.22 വര്‍ഷമായി ജയിലിലാണ്. പ്രതികള്‍ക്ക് മോചനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണം അംഗീകരിച്ചാണ് നടപടി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചാണ് സംസ്ഥാനത്ത് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന 33 പേരെ മോചിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. മണിച്ചന്റെ ജയില്‍മോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മന്ത്രിസഭയുടെ ഉപദേശമനുസിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന പേരറിവാളന്‍ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.