മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം
തൃക്കാക്കക്കരയിലെ മുഖ്യമന്ത്രിയുടെ ‘സൗഭാഗ്യ’പ്രയോഗം ക്രൂരവും അപലപനീയവും: മുല്ലപ്പള്ളി

കണ്ണൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ ‘സൗഭാഗ്യ’ പ്രയോഗം ക്രൂരവും അപലപനീയവുമാണെന്നും തന്റെ പ്രയോഗം പിന്‍വലിച്ച് മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്നും മുന്‍ കെപിസിസി പ്രസിഡന്റും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ ‘സൗഭാഗ്യ’ പ്രയോഗം നിയമസഭയെയും മുഴുവന്‍ സാമാജികരെയും അവഹേളിക്കലാണ്. നിയമസഭയില്‍ പ്രതിപക്ഷത്തായിരുന്നെങ്കിലും മന്ത്രിമാരും ഭരണകക്ഷി അംഗങ്ങളുടെയും ആദരവ് നേടിയ എല്ലാവര്‍ക്കും സ്വീകാര്യനായ സാമാജികനായിരുന്നു പി.ടി. തോമസ്. അദ്ദേഹത്തിന്റെ അകാല വിയോഗമാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പിനിടയാക്കിയത്.
ഭര്‍തൃവിയോഗത്തിന്റെ വേദനകള്‍ക്കിടയിലും അദ്ദേഹം മണ്ഡലത്തില്‍ ബാക്കി വെച്ചു പോയ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാണ് പി.ടി. തോമസിന്റെ പ്രിയ പത്‌നി ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എന്നാല്‍ ഉമാ തോമസിന്റെ വേദനകളും കണ്ണീരും കാണാതെ നിയമസഭയില്‍ എല്‍ഡിഎഫിനുള്ള 99 സീറ്റെന്നത് നൂറാക്കി മാറ്റാന്‍ തൃക്കാക്കക്കരക്കാര്‍ക്കുള്ള ‘സൗഭാഗ്യമാണ്.
ഉപതെരഞ്ഞെടുപ്പെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരാളുടെ മരണത്തെ തുടര്‍ന്നു വന്നു ചേര്‍ന്ന ഉപതെരഞ്ഞെടുപ്പിനെ പോലും ‘സൗഭാഗ്യമായി’ കാണാന്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മാനസീകാവസ്ഥ അതിക്രൂരമാണെന്ന് പറയാതെ വയ്യ. ഈ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളെയാണ് വേദനിപ്പിച്ചത്. സാധാരണ ഗതിയില്‍ അളന്നു മുറിച്ച് വാക്കുകളുപയോഗിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി തൃക്കാക്കരയില്‍ എഴുതി തയാറാക്കിയ പ്രസംഗമാണ് നടത്തിയത്. അതു കൊണ്ടു തന്നെ സൗഭാഗ്യ പ്രയോഗം കേവലം നാക്കുപിഴയാണെന്ന് കരുതാനാവില്ല. ഈ പ്രയോഗത്തിലൂടെ മുഖ്യമന്ത്രി, എല്ലാവരുടെയുംആദരവ് നേടിയെടുത്ത പി.ടി. തോമസൈന്ന സാമാജികനെയും അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളെയും മാത്രമല്ല, മുഴുവന്‍ സാമാജികരെയും കേരളത്തെയുമാണ്് അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുന്നത്. തന്റെ പ്രസ്താവന പിന്‍വലിച്ച് കേരളീയ സമൂഹത്തോടും സമാജികരോടും മുഖ്യമന്ത്രി പരസ്യമായി മാപ്പു പറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.