കുടിയൊഴിപ്പിക്കലിനിടെ തീപ്പൊള്ളലേറ്റു മരിച്ച രാജന്റെ മക്കള്‍ക്ക് ഒടുവില്‍ വീടായി. വീട് വച്ച് നല്‍കിയത് സന്നദ്ധ സംഘടന

നെയ്യാറ്റിന്‍കര: കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തിലെ രാജന്‍ – അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക് ഒടുവില്‍ വീടായി. ചാലക്കുടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടന, രാഹുലിനും രഞ്ജിത്തിനും വേണ്ടി നിര്‍മിച്ചു നല്‍കി. മാര്‍ച്ച് 22ന് ആണ് വീടിനു തറക്കല്ലിട്ടത്. മൂന്നു സെന്റില്‍ 600 ചതുരശ്ര അടിയിലാണ് വീട്. 2020 ഡിസംബര്‍ 22ന് ആണ്, നെയ്യാറ്റിന്‍കര വെണ്‍പകല്‍ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയില്‍ രാജനും ഭാര്യ അമ്പിളിയും കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ചത്.

ദമ്പതികളുടെ മരണത്തെ തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന ഭൂമി ഏറ്റെടുത്ത് അവിടെ വീടു നിര്‍മിച്ചു നല്‍കുമെന്നു സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. വീടു നിര്‍മിക്കാനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം മൂലം നിര്‍മാണം നടത്താനായില്ല. ഇതിനിടെ വ്യവസായി ബോബി ചെമ്മണ്ണൂരും വീട് നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെ വിശ്വസിച്ച സഹോദരങ്ങള്‍ ബോബിയുടെ വാഗ്ദാനം സ്‌നേഹത്തോടെ നിരസിച്ചു. പക്ഷേ, ഒരു വര്‍ഷത്തിനു ശേഷവും സര്‍ക്കാര്‍ വാഗ്ദാനം നടപ്പായില്ല.

തുടര്‍ന്നാണ്’ഫിലോകാലിയ’ എന്ന സന്നദ്ധ സംഘടന എത്തിയത്. കുട്ടികളുടെ ദുരിതം മാധ്യമങ്ങളിലൂടെ അറിഞ്ഞെത്തിയ അവര്‍ കുട്ടികള്‍ക്കു വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു. സംഘടനയുടെ ‘കൂട്’ എന്ന പദ്ധതി പ്രകാരം നിര്‍മിക്കുന്ന 31-ാമത്തെ വീടാണിതെന്നും ഫിലോകാലിയ മാനേജിങ് ഡയറക്ടര്‍ ജിജി മാരിയോ, ജനറല്‍ മാനേജര്‍ സന്തോഷ് ജോര്‍ജ് അറിയിച്ചു. രാജന്‍ – അമ്പിളി ദമ്പതികളുടെ മൂത്ത മകന്‍ ആര്‍. രാഹുല്‍ രാജിന് മാര്‍ച്ചില്‍ നെല്ലിമൂട് സര്‍വീസ് സഹകരണ ബാങ്ക് ജോലി നല്‍കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *