60 കുട്ടികള്‍ക്ക് പ്രവേശനം
അട്ടപ്പാടി: പുതിയ മോഡല്‍ സ്‌കൂള്‍ ഉദ്ഘാടനം 20 ന്

തിരുവനന്തപുരം: അട്ടപ്പാടിയില്‍ പുതുതായി ആരംഭിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 20 ന് ഉദ്ഘാടനം ചെയ്യും. മേഖലയിലെ ആദിവാസി ജനതയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പട്ടിക വര്‍ഗ വികസന വകുപ്പ് കേന്ദ്ര സഹായത്തോടെ സ്‌കൂള്‍ ആരംഭിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ജനതയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ ഇതൊരു നാഴികകല്ലാണ്.
സി ബി എസ് ഇ സിലബസിലുള്ള സ്‌കൂളില്‍ ആറാം ക്ലാസിലേക്ക് 60 പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തിട്ടുണ്ട്. 12-ാം ക്ലാസുവരെ ഇവിടെ താമസിച്ച് പഠിക്കാം. ഭക്ഷണം, വസ്ത്രം , താമസം തുടങ്ങിയവ സൗജന്യമാണ്. 20 ന് രാവിലെ 10.30 ന് അഗളി കില കാമ്പസില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വി കെ ശ്രീകണ്ഠന്‍ എം പി അധ്യക്ഷനാകും. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. വട്ടുലുക്കി സഹകരണ ഫാമിങ്ങ് സൊസെറ്റിയുടെ 15 ഏക്കര്‍ ഭൂമി സ്‌കൂളിനായി കൈമാറിയിട്ടുണ്ട്. ഇവിടെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകും വരെ അഗളിയില്‍ കില കെട്ടിടത്തില്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കും. അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
30 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് ഈ വര്‍ഷം പ്രവേശനം. അധ്യാപക – അനധ്യാപക ജീവനക്കാരെ നിയമിച്ചു. കുട്ടികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഭക്ഷണം വിതരണം ചെയ്യുന്നത് കുടുംബശ്രീയാണ്. ഇതു വഴി കുടുബശ്രീ അംഗങ്ങളുടെയും തൊഴില്‍ സ്ഥിരത ഉറപ്പാക്കുന്നു.
പട്ടിക വിഭാഗം ജനതയുടെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സ്വന്തം സ്വത്യവും സംസ്‌ക്കാരവും നിലനിര്‍ത്തി കൊണ്ട് ആധുനിക വിദ്യാഭ്യാസം ആദിവാസികള്‍ക്കും ഇവിടെ ലഭ്യമാക്കുകയാണ്.
കൂടാതെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിന്ന് ആവശ്യത്തിന് ഡോക്ടര്‍മാരെയും പാരാ മെഡിക്കല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. വിവിധ അംഗന്‍വാടികളിലൂടെ പോഷകാഹാര വിതരണവും ഉറപ്പാക്കുന്നു.