ഭാരത് ബന്ദിന്റെ ഭാഗമായി ഇന്ന് കേരളത്തില്‍ ഹര്‍ത്താലില്ല ;
സോഷ്യല്‍ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്

തിരുവനന്തപുരം : അഗ്‌നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകള്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം ഉണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സംഘടനകളും പിന്തുണയുമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടില്ല. സോഷ്യല്‍ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ പൊലീസും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മീഡിയ സെല്‍ പുറത്തുവിട്ട സര്‍ക്കുലറും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തുമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

പൊതുസ്വത്ത് നശിപ്പിക്കുന്നത് കര്‍ശനമായി നേരിടാനാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശിച്ചത്. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും ഇന്ന് മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ബന്ദിന്റെ ഭാഗമായിട്ടില്ല മറിച്ച് മുന്‍കരുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *