സി.പി.ഐ രാജ്യസഭാ സ്ഥാനാര്‍ത്ഥി അഡ്വ:പി. സന്തോഷ്

കണ്ണൂര്‍: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലേക്ക് സി.പി.ഐ സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ: പി. സന്തോഷ് കുമാറിനെയാണ് തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം.
എ.ഐ.വൈ.എഫിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് സന്തോഷ് കുമാര്‍. രണ്ട് തവണയാണ് സന്തോഷ് കുമാര്‍ എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഈ പ്രവൃത്തി പരിചയം തെരഞ്ഞെടുപ്പിലേക്ക് സന്തോഷിനെ നിര്‍ദേശിക്കാന്‍ തുണയായി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് സന്തോഷ് കുമാര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. എല്ലാ മേഖലകളിലും വളരെ നിശബ്ദനായി പ്രവര്‍ത്തിച്ചിരുന്ന നേതാക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

ചിറ്റാരിപ്പറമ്പ് ഹൈസ്‌ക്കൂള്‍, ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളേജ്, കണ്ണൂര്‍ എസ്.എന്‍ കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളില്‍ നിന്നാണ് സന്തോഷ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

സി.പി.ഐയുടെ മുഖപത്രമായ ജനയുഗത്തില്‍ സന്തോഷ് കുമാര്‍ സി.പി.ഐ.എമ്മിനെതിരെ എഴുതിയ ലേഖനവും വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ജനാധിപത്യവിരുദ്ധതയുടെ ശ്രമങ്ങളാണ് സി.പി.ഐ.എം ഗ്രാമങ്ങളില്‍ നടക്കുന്നതെന്നും സന്തോഷ് ആരോപിച്ചിരുന്നു.

പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനത്തിന് സി.പി.ഐ എതിരാണെന്നായിരുന്നു കീഴാറ്റൂര്‍ വിഷയത്തില്‍ സന്തോഷ് പറഞ്ഞിരുന്നത്. തളിപ്പറമ്പ് മാണ്ഡംകുണ്ടില്‍ കോമത്ത് മുരളീധരനേയും സംഘത്തേയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തതും സന്തോഷും സി.പി.ഐ.എമ്മും തമ്മിലുള്ള തുറന്ന പോരിന് വഴിവെച്ചിരുന്നു.

സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും ബിരുദമെടുത്ത സന്തോഷ് തളിപറമ്പ് ബാര്‍ അസോസിയേഷനില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, എ.ഐ.വൈ.എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2011ല്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ കെ.സി. ജോസഫിനെതിരെയാണ് സന്തോഷ് കുമാര്‍ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ ആ തെരഞ്ഞെടുപ്പ് സന്തോഷിന് അത്ര ആശ്വാസം നല്‍കുന്ന ഒന്നായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *