എട്ടു വയസ്സുകാരിയെ പിങ്ക്
പോലീസുദ്യോഗസ്ഥ അപമാനിച്ച സംഭവം; സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവത്തില്‍നഷ്ടപരിഹാരം നല്‍കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കറിനു ബാധ്യത ഇല്ലെന്ന നിലപാട് ഇന്ന് കോടതിയെ അറിയിക്കും.
പോലീസുദ്യോഗസ്ഥയുടെ രജിതയുടെ വ്യക്തിപരമായ വീഴ്ച്ചയിലുണ്ടായ ബാധ്യത സര്‍ക്കാരിനേറ്റെടുക്കാനാവില്ലെന്ന വാദം അസ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് കഴിഞ്ഞ ഡിസംബര്‍ 22 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും പെണ്‍കുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും സിംഗിള്‍ ബഞ്ച് നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 27നാണ് ആറ്റിങ്ങലിൽ വച്ചാണ് സംഭവമുണ്ടായത്. ഐ എസ് ആര്‍ ഒ യുടെ വലിയ വാഹനം കാണാന്‍ പോയ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അവഹേളിച്ചു. അച്ഛനും മകളും തന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്നായിരുന്നു പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയുടെ ആരോപണം. ഒടുവില്‍ പൊലീസ് വാഹനത്തിനുള്ളിലുണ്ടായിരുന്ന ബാഗില്‍ നിന്ന് മൊബൈല്‍ കിട്ടി.എന്നിട്ടും ഈ പൊലീസ് ഉദ്യോഗസ്ഥ മോശമായി തന്നെ പെരുമാറിയെന്നാണ് ജയചന്ദ്രന്‍ പറയുന്നത്. പൊലീസുകാരുടെ പരസ്യവിചാരണ എട്ടുവയസുകാരിയുടെ കുഞ്ഞുമനസിനെ തളര്‍ത്തി.ഈ സംഭവമാണ് ഹൈക്കേതിയിൽ എത്തിയത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്നത്.