വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാൻ സര്‍ക്കാര്‍ ശ്രമിക്കുന്നു : രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരമൊരു ഉന്നത പദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ മധ്യസ്ഥ ശ്രമത്തിന് പോകില്ല. ഐപിഎസുകാര്‍ അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഭരണകൂട ഭീകരതായണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന മുഴുവന്‍ ആളുകളെയും അടിച്ചമര്‍ത്തുന്ന കിരാതമായ നടപടിയാണ് ഇപ്പോഴുള്ളത്.
സര്‍ക്കാരിന്റത് അപമാനകരമായ നടപടിയാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരേണ്ടതുണ്ട്. പൊലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനുള്ളിലൊളിച്ചിരിക്കുകയാണ്. മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. ഡല്‍ഹിയില്‍ നരേന്ദ്രമോദി ചെയ്യുന്നതെന്തോ അതു തന്നെയാണ് പിണറായി വിജയന്‍ കേരളത്തില്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇത് അംഗീകരിക്കാനാകില്ല. കെപിസിസി ഓഫീസിനും ഡിസിസി ഓഫീസുകള്‍ക്ക് മുമ്പിലും പൊലീസ് നോട്ടീസ് പതിച്ചത് സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേണ്ടിയിട്ടാണ്. ബിലീവേഴ്സ് ചര്‍ച്ച് വഴി മുഖ്യമന്ത്രിയും കോടിയേരിയും അമേരിക്കയിലേക്ക് പണം എത്തിച്ചെന്ന ഗുരുതര ആരോപണം ഉന്നയിച്ച ഷാജ് കിരണുമായിഎഡിജിപി എം ആര്‍ അജിത് കുമാര്‍ സംസാരിച്ചിരുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത്. ആദ്യമായിട്ടാണോ കേരളത്തില്‍ സമരങ്ങള്‍ നടക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. ഇത് ശരിയായ നടപടിയാണോ?. ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ ഇക്കാര്യം ചിന്തിക്കുകയും മനസ്സിലാക്കുകയും വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു