കെ-റെയിലിന് ബദല്‍ മാര്‍ഗ്ഗം ഉപദേശിച്ച് ആര്‍വിജി മേനോന്‍; സില്‍വര്‍ ലൈന്‍ ചര്‍ച്ചയില്‍ എതിര്‍വാദം ഉന്നയിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയായി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍മാര്‍ഗം നിര്‍ദേശിച്ച് കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ആര്‍വി ജി മേനോന്‍. സില്‍വര്‍ ലൈന്‍ ചര്‍ച്ചയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പാനലിലെ ഏക അംഗം എ നിലയിലായിരുന്നു ആര്‍വിജി മേനോന്‍ തന്റെ വാദങ്ങള്‍ നിരത്തിയയത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചപോലും വൈകിപ്പോയ ഒന്നാണ്. എന്ത് വില കൊടുത്തും നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും, പിന്നീട് ചര്‍ച്ച നടത്താം എന്ന് പറയുകയും ചെയ്യുന്നതില്‍ മര്യാദ കേടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനൊപ്പമായിരുന്നു വേഗമേറിയ യാത്രക്ക് സഹായിക്കുന്ന ചില റെയില്‍വേ പരിഷ്‌കാരങ്ങള്‍ ആര്‍വിജി മേനോന്‍ ചൂണ്ടിക്കാട്ടിയത്. ദീര്‍ഘദൂര ട്രെയിനുകള്‍ക്കൊന്നും നിലവില്‍ സില്‍വര്‍ ലൈനിലേക്ക് കയറാന്‍ കഴിയില്ല. ഇതിന് പുറത്താണ് ട്രെയിന്‍ കയറാനുള്ള അധിക യാത്ര. എറണാകുളത്തെ സില്‍വര്‍ ലൈന്‍ സ്റ്റേഷന്‍ കാക്കനാടാണ്. കൊല്ലത്തേത് മുഖത്തലയിലും. ഇവിടേക്ക് എത്തിച്ചേരാന്‍ മറ്റ് വാഹനങ്ങള്‍ ഉപയോഗിക്കേണ്ട നിലയുണ്ടാലും. വെള്ളമൊഴുകുന്ന തോടുള്ള സ്ഥലത്താണ് മുഖത്തലയില്‍ സ്റ്റേഷന്‍ വരുന്നത്. ഇതുള്‍പ്പെടെ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കൃത്യമായി പാരിസ്ഥിതികാഘാതം പഠിക്കേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
റെയില്‍വേ വികസനം കാര്യക്ഷമല്ലാത്തതാണ് മറ്റൊരു തിരിച്ചടി. അരൂര്‍ മുതല്‍ ചേര്‍ത്തല വരെ നാലുവരിപ്പാത എടുത്തിട്ട് 20 വര്‍ഷമായി. സ്ഥലം കൊടുത്തതാണ് നാട്ടുകാര്‍. എന്നിട്ടും പദ്ധതി വന്നില്ല. അതിന് കാരണം ശുദ്ധകഴിവുകേടാണ്. റെയില്‍വേ ഇരട്ടിപ്പ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നതിനുള്ള കാരണവും മറ്റൊന്നല്ല. മൂന്ന് മണിക്കൂറില്‍ ജനശതാബ്ദി കോഴിക്കോട്ട് നിന്ന് എറണാകുളത്ത് എത്തും. എന്നാല്‍ പിന്നീട് അത് സാധ്യമല്ല. റെയില്‍വേയ്ക്ക് കേരളത്തോട് അവഗണനയാണ്. സതേണ്‍ റെയില്‍വേയ്ക്കും നോര്‍ത്തേണ്‍ റെയില്‍വേയ്ക്കും നല്‍കുന്ന തുക പരിശോധിച്ചാല്‍ പോലും ഈ സാഹചര്യം വ്യക്തമാവും.കൂടുതല്‍ സ്പീഡുകളുള്ള വണ്ടികള്‍ ഓടിക്കാനാവും. മുംബൈയിലേതിന് സമാനമായി മിനിറ്റുകള്‍ ഇടവിട്ട് ട്രെയിനുകള്‍ ഓടിക്കാനാകും. വളവ് നിവര്‍ത്തി മൂന്നാമത്തെ ലൈന്‍ ഇടുന്നതാകും ചെലവ് കുറയ്ക്കാനും പാരിസ്ഥിതികാഘാതം കുറയ്ക്കാനും സഹായകമാവും. റെയില്‍വേ ലൈനിന് അടുത്തുള്ള സ്ഥലങ്ങള്‍ക്ക് ചെലവ് കുറവാണെന്നും അദ്ദേഹം സംവാദത്തില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *