കെ.എസ്.യു വനിതാ നേതാവിനും പ്രവര്‍ത്തകര്‍ക്കുംലോ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം

തിരുവനന്തപുരം: കെ.എസ്.യു വനിതാ നേതാവിനും പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം ലോ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. വനിതയെന്ന പരിഗണന പോലും കൊടുക്കാതെ വളഞ്ഞിട്ട് ക്രൂരമായ മര്‍ദനമാണ് ചൊവ്വാഴ്ച രാത്രി നടന്നത്. ലോ കോളജിലെ കെ.എസ.്‌യു നേതാവ് സഫ്‌നയ്ക്കും ജനറല്‍ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിന്‍ തമ്പി എന്നിവര്‍ക്കു നേരെയാണ് ക്രൂര മര്‍ദനം അരങ്ങേറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അനന്ദുവിനും പരുക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടന്ന സംഭവങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കലാപരിപാടികള്‍ നടക്കുന്നതിനിടെ കെ.എസ്.യു നേതാവ് ആഷിഖിനു നേരെയാണ് ആദ്യഗ ആക്രമണം ഉണ്ടായത്. മന്ത്രി പി.എ മുഹമ്മദ് റിയാസ്ം വി.കെ പ്രശാന്ത് എം. എല്‍.എ എന്നിവര്‍ മടങ്ങിയ ഉടനായിരുന്നു സംഘര്‍ഷം. വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെയായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയതെന്ന് കെ.എസ്.യുക്കാര്‍ പറയുന്നു. അതേസമയം വിദ്യാര്‍ത്ഥിനിയോട് കെ.എസ്.യു പ്രവര്‍ത്തകന്‍ മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് എസ്.എഫ്.ഐയും ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിലും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിയമസഭയില്‍ പ്രതിപക്ഷവും പുറത്ത് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും വന്‍പ്രതിഷേധം ഉയര്‍ത്തി. കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പോലീസ് മൂഝന്നു കേസുകള്‍ എടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് എതിരെ രണ്ടും കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് എതിരെ ഒരു കേസുമാണ് മ്യൂസിയം പോലീസ് എടുത്തിരിക്കുന്നത്.

എസ്.എഫ.്‌ഐ പ്രവര്‍ത്തകര്‍ തന്നെ നിലത്തേക്കു തള്ളിയിട്ട് വലിച്ചിഴച്ച് മര്‍ദിച്ചതായി സഫ്‌ന പറയുന്നു.തെരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ വൈരാഗ്യമോ പ്രവര്‍ത്തകരോടുള്ള വൈരാഗ്യമോ ആണ് മര്‍ദനത്തിനിടയാക്കിയതെന്നും സഫ്‌ന പറഞ്ഞു. സാധാരണ രീതിയിലുള്ള യൂണിയന്‍ ആഘോഷമാണ് നടന്നത്. ആഘോഷം കഴിഞ്ഞതിനു ശേഷമാണ് എസ്.എഫ്.ഐ അക്രമം ഉണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകന്‍ ആഷിഖിനെയാണ് ആദ്യം എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. തടയാന്‍ ചെന്ന തന്നെ താഴേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നിരവധി പേര്‍ ഇടിച്ചു. നേരത്തെയും കോളജില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരാതി കൊടുത്തിട്ടും സ്റ്റാഫ് കൗണ്‍സില്‍ എസ്.എഫ്.ഐയുടെ ഭാഗത്താണ് നിന്നത്. പരാതിയില്‍ പോലീസും യാതൊരു നടപടിയും എടുത്തില്ല. അവര്‍ അന്‍പതോളം പേര്‍ ഉണ്ടായിരുന്നു. ആദ്യം കോളജിനുള്ളിലായിരുന്നു മര്‍ദനം. പിന്നീട് പുറത്ത് ഗേറ്റിനു മുന്നിലും അടി നടന്നുവെന്ന് സഫ്‌ന പറഞ്ഞു.

എതിരാളികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമീപനമാണ് എസ്.എഫ്.ഐയുടേതെന്നും നേരത്തെ തന്റെ നേര്‍ക്കു പെയിന്റ് കോരി ഒഴിച്ച സംഭവമുണ്ടായെന്നും സഫ്‌ന പറഞ്ഞു. ക്യാംപയിനു ചെന്നപ്പോഴും അതിക്രമം ഉണ്ടായി. കെ.എസ്.യു അനുഭാവി ആണെങ്കില്‍ കോളജില്‍ പീഡനമാണ്. എസ്.എഫ.്‌ഐയ്ക്കു മറ്റുള്ളവരോട് അസഹിഷ്ണുതയാണ്. കോളജില്‍ പഠിക്കുന്നത് ജീവന് ആപത്താണെന്ന് സഫ്‌ന പറഞ്ഞു.

തങ്ങള്‍ക്കു നേരെ കോളജില്‍ നടന്ന ആരകമണത്തിനു ശേഷം വീട്ടില്‍ കയറി ദേവനാരായണനെയും കൂടെ ഉണ്ടായിരുന്ന പത്തുപേരെയും ആക്രമിക്കുകയായിരുന്നുവെന്നും സഫ്‌ന പറയുന്നു. തേപ്പുപെട്ടി ഉപയോഗിച്ച് തലയ്ക്ക് പരിക്കേല്‍പ്പിച്ചു. നിലത്തുടെ വലിച്ചിഴച്ചു. വീട്ടിലെ സാധനങ്ങള്‍ നശിപ്പിച്ചു.

ലോ കോളജില്‍ കെ.എസ.്‌യു പ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായത് കിരാത ആക്രമണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. എസ്.എഫ്.ഐക്കാര്‍ വനിതാ നേതാവിനെ വലിച്ചിഴച്ചപ്പോള്‍ പോലീസ് നോക്കിനിന്നു. എസ്.എഫ്.ഐയ്‌ക്കെതിരെ ആത്മരക്ഷാര്‍ഥം സംഘടിക്കേണ്ടിവരും. ഇത് ഗുരുതര സാഹചര്യമുണ്ടാക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.ക്രമസമാധാനം തകര്‍ക്കുന്ന എസ്.എഫ്.ഐ ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താന്‍ തയാറാകണമെന്ന് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ കണ്ടശേഷം ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. നിയമസഭയ്ക്കു പുറത്തും അകത്തും വിഷയത്തില്‍ പ്രതിഷേധം ഉണ്ടാകും. ലോ കോളജിലെ വിജയം എസ്.എഫ്.ഐയെ അസ്വസ്ഥരാക്കുന്നതായും ഷാഫി പറഞ്ഞു. ഗുരുതരമായ അക്രമമാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ഉണ്ടാകുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പറഞ്ഞു.

ലോ കോളജിലെ അക്രമം ഹൈബി ഈഡന്‍ എംപി ലോക്‌സഭയിലും ഉന്നയിച്ചു. ഭീകരസംഘടനകളെപ്പോലെ എസ്.എഫ്.ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട അദേഹം അക്രമം സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെയെന്നും കേന്ദ്രം ഇടപെടണമെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *