നടുത്തളത്തിലിറങ്ങുന്ന കാര്യത്തില്‍ ശിവന്‍കുട്ടി ഗുരുതുല്യനെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍;
സന്തോഷമെന്ന് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാത കേസിലെ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിനിടയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവന്‍കുട്ടിയും തമ്മില്‍ വാക്കേറ്റം. അടിയന്തിരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ച പ്രതിപക്ഷാംഗങ്ങളെ പരിഹസിച്ച മന്ത്രിക്ക് അതേ നാണയത്തില്‍ തന്നെ പ്രതിപക്ഷനേതാവും തിരിച്ചടി നല്‍കി. നടുത്തളത്തിലിറങ്ങുന്ന കാര്യത്തില്‍ മന്ത്രി ശിവന്‍കുട്ടിയുടെ ഉപദേശം ശിരസാവഹിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. തന്നെ ഗുരുനാഥനായി അംഗീകരിച്ചതില്‍ സന്തോഷമെന്ന് മന്ത്രിയും പറഞ്ഞു.
പ്രതിപക്ഷം നടുത്തളത്തലിറങ്ങിയപ്പോള്‍ പി. നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി വി. ശിവന്‍കുട്ടി മറുപടി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെയാണ് താന്‍ മറുപടി പറയുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിനെതിരെയാണ് മുദ്രാവാക്യം വിളിക്കേണ്ടത്. ഇവിടെ അനാവശ്യ പ്രതിഷേധമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടയില്‍ മുദ്രാവാക്യം വിളിക്ക് പ്രതിപക്ഷം അല്‍പ്പം ഇടവേള നല്‍കിയപ്പോള്‍ തളര്‍ന്നുപോയോ എന്ന് മന്ത്രി പരിഹസിക്കുകയും ചെയ്തു.
ഇതിനാണ് ഇറങ്ങിപ്പോക്ക് പ്രഖ്യാപിക്കുന്ന വേളയില്‍ പ്രതിപക്ഷനേതാവ് മറുപടി നല്‍കിയത്. നടുത്തളത്തില്‍ ഇറങ്ങുന്ന പ്രതിപക്ഷം എങ്ങനെ പെരുമാറണമെന്ന് €ാസ് എടുക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തി മന്ത്രി ശിവന്‍കുട്ടിയാണെന്ന് പ്രതിപക്ഷനേതാവ് തിരിച്ചടിച്ചു. ഇക്കാര്യത്തില്‍ അദ്ദേഹം ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ ഉപദേശം ശിരസാവഹിക്കുന്നുവെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.
തന്നെ ഗുരുതുല്ല്യനായി കാണുന്നതില്‍ നന്ദിയെന്ന് മന്ത്രി ശിവന്‍കുട്ടിയും തിരിച്ചടിച്ചു. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ പലപ്പോഴും നടുത്തളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ അഭിമാനിക്കുന്നു. ഇല്ലാതെ ഇതേപോലെ ഒരു പോലീസ് സ്റ്റേഷനിലെ പ്രശ്നത്തിലായിരുന്നില്ല പ്രതിഷേധമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *