സ്വപ്ന സുരേഷിനും പി.സി ജോര്‍ജിനും എതിരെയുള്ള കേസ് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനും ജനപക്ഷം നേതാവ് പിസി ജോര്‍ജിനും എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പന്ത്രണ്ട് അംഗങ്ങളാണ് ഉള്ളത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുദനനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. വിവിധ ജില്ലകളില്‍നിന്നുള്ള ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്.

മുഖ്യമന്ത്രിക്കും മറ്റുമെതിരെ ആരോപണം ഉന്നയിക്കാന്‍ സ്വപ്ന സുരേഷ് പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. രണ്ടു മാസം മുമ്പാണ് സ്വപ്ന പി സി ജോര്‍ജുമായി ഗൂഢാലോചന നടത്തിയത്. വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാര്‍ട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തിയതെന്നും എഫ്ഐആറില്‍ പറയുന്നു.

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും, ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ ടി ജലീല്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതുപ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോര്‍ജ് രണ്ടാം പ്രതിയുമാണ്.

സ്വപ്നയ്ക്കും പി സി ജോര്‍ജിനുമെതിരെ 120 ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *