'എന്നെ കൊന്നോളു. എന്റെ കൂടെ നില്‍ക്കുന്നവരെ ഉപദ്രവിക്കാതെ ഇരിക്കു.'; മാധ്യങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് സ്വപ്‌ന; കുഴഞ്ഞുവീണു

പാലക്കാട്: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്വപ്‌ന സുരേഷ്. തന്നെയും കൂടെയുള്ളവരെയും എന്തിന് വേട്ടയാടുന്നു എന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ച സ്വപ്‌ന പെട്ടെന്ന് വിറച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞു വീണു. ഉടന്‍ തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റി. അഭിഭാഷകനെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്വപ്ന കുഴഞ്ഞുവീണത്.
താന്‍ നല്‍കിയ രഹസ്യ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി സ്വപ്‌ന സുരേഷ്. ഷാജ് കിരണ്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതായും സ്വപ്‌ന ചൂണ്ടിക്കാട്ടി.അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ ഇന്ന് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന പറഞ്ഞു.
‘എന്നെ കൊന്നോളു. എന്റെ കൂടെ നില്‍ക്കുന്നവരെ ഉപദ്രവിക്കാതെ ഇരിക്കു. ഭീകരവാദിയെപ്പോലെ എന്തിനാണ് വേട്ടയാടുന്നത്. എന്നെ ജീവിക്കാന്‍ അനുവദിക്കു. എനിക്ക് അഭിഭാഷകനെ പോലും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് അന്ന് കേസെടുക്കാതിരുന്നത്. മുഖ്യമന്ത്രിയെ അപമാനിച്ചതിന് എന്തുകൊണ്ട് ഷാജ് കിരണിനെതിരെ കേസെടുക്കുന്നില്ല’- സ്വപ്ന ചോദിച്ചു.
സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്നാണ് കേസ്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ചും പ്രതികരിക്കവേയാണ് സ്വപ്‌ന കുഴഞ്ഞു വീണത്.