കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരമുണ്ടാവണം ,’ കെ എസ് ടി എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: പണിമുടക്കിയും പ്രതിഷേധിച്ചും മാത്രമേ കെഎസ്ആർടിസിയിൽ ശമ്പളം വാങ്ങാൻ കഴിയൂ എന്നത് അംഗീകരിക്കാനാവില്ല. കാരാർ പ്രകാരം ശമ്പളം എല്ലാ മാസവും കൃത്യമായി വിതരണം ചെയ്യണമെന്ന് ബി എം എസ് സംസ്ഥാന ഡപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ആവശ്യപ്പെട്ടു. കെ എസ് ആർ ടി സി യിലെ ശമ്പള നിഷേധത്തിനെതിരെ കെ എസ് ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പട്ടിണി മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശിവജി സുദർശൻ.

ഏപ്രിൽ മാസം തൊഴിലാളികൾ 170 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടും  ശമ്പളം നൽകാൻ പണമില്ലെന്ന  സർക്കാർ നിലപാട്  അംഗീകരിക്കാനാവില്ല.  പൊതു സമൂഹത്തിനു മുന്നിൽ ജീവനക്കാരെ അപഹസിക്കുന്ന സമീപനം അപലപനീയമാണ്. ഡീസലിന് അധിക വില നൽകിയതിനാലാണ് ശമ്പളം നൽകാൻ കഴിയാത്തതെന്ന് കള്ളം പറഞ്ഞ് ജീവനക്കാരെയും പൊതുസമൂഹത്തെയും സർക്കാർ പറ്റിക്കുന്നു. അധിക പണം നൽകി ഒരു ലിറ്റർ ഡീസൽ പോലും കെ എസ് ആർ ടി സി വാങ്ങിയിട്ടില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സുപ്രീം കോടതിയിൽ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കള്ളക്കണക്ക് പറഞ്ഞ സർക്കാരിന് ആ പണം എവിടെ പോയി എന്ന് വ്യക്തമാക്കാനുള്ള ബാധിതയുണ്ട്. എൽ ഡി എഫ് പ്രകടനപത്രികയിൽ പറഞ്ഞതുപോലെ കെഎസ്ആർടിസിയുടെ കടവും പെൻഷനും സർക്കാർ ഏറ്റെടുക്കണം. കെഎസ്ആർടിസിക്ക് നീക്കിവച്ച പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഉണ്ടാക്കിയ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയിൽ ലയിപ്പിക്കണമെന്നും ബി എം എസ് സംസ്ഥാന ഡപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ ആവശ്യപ്പെട്ടു.  കെ എസ് ടി ഇ എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ, ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ ആർ.എൽ.ബിജുകുമാർ, സംസ്ഥാന സെക്രട്ടറിമാരായ  പ്രദീപ് വി നായർ, എൻ.എസ്. രണജിത് എന്നിവർ മാർച്ചിന് നേതൃത്വം നൽകുകയും ജില്ലാ സെക്രട്ടറിമാരായ എസ്.ആർ.  അനീഷ് ,എസ്.വി. ഷാജി ,  ടി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *