രാജ്യസഭ :സംസ്ഥന നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് സ്ഥാനാര്‍ഥിയെ അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയത്.വി. ഡി.സതീശന്‍

കൊച്ചി : സംസ്ഥാന നേതാക്കളുമായി കൂടിയാലോചന നടത്തിയാണ് രാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ഥിയെ അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം കണ്ടെത്തിയത്. നാല്‍പ്പത്തി രണ്ട് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ നിന്നും ഒരു വനിത രാജ്യസഭയിലേക്ക് പോകുന്നത്. പാര്‍ലമെന്ററി രംഗത്ത്  വനിതകള്‍ക്ക് കോണ്‍ഗ്രസ് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന വിമര്‍ശനം കൂടി പരിഗണിച്ചാണ് രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. ചെറുപ്പക്കാര്‍ വരണമെന്ന പൊതു അഭിപ്രായം ഉയര്‍ന്ന് വന്നിരുന്നു. 


കേരളത്തില്‍ ഒരുപാട് സമരങ്ങള്‍ ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. അവര്‍ ചെയ്തതു പോലുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തിലുണ്ടായിട്ടില്ല. സി.പി.എം ഭയന്നിരിക്കുകയാണ്. കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത തരത്തില്‍ സ്ത്രീകളും കുട്ടികളും ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ജനകീയ സമരമാണിത്. മാടപ്പള്ളിയിലെ ജനങ്ങള്‍ കാട്ടുന്ന ആവേശവും പ്രതിഷേധവും ചെറുത്ത് നില്‍ക്കാനുള്ള ധൈര്യവുമൊക്കെ ശെരിക്കും അദ്ഭുതപ്പെടുത്തുന്നതാണ്. രാഷ്ട്രീയ പ്രവര്‍ത്തകരേക്കാള്‍ കരുത്തിലും ആത്മവിശ്വസത്തിലുമാണ് ജനങ്ങള്‍. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് കേരളം നടത്തുന്നത്. സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നന്ദിഗ്രാമില്‍ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനകീയ സമരമാണ് നടക്കുന്നത്. യു.ഡി.എഫ് ജനങ്ങള്‍ക്കൊപ്പമാണ്. 


കൃത്യമായ പഠനങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് നാല് കാരണങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് പദ്ധതിയെ എതിര്‍ക്കുന്നത്. പാരിസ്ഥിതി ലോലമായ കേരളത്തെ ഈ പദ്ധതി തകര്‍ക്കുമെന്നതാണ് ഒന്നാമത്തെ കാരണം. രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതി സാമ്പത്തികമായും കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കും. സാമൂഹികമായി ഉണ്ടാക്കുന്ന ആഘാതവും പദ്ധതിക്ക് പിന്നിലുള്ള വന്‍ അഴിമതിയുമൊക്കെയാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. പദ്ധതിയെ കുറിച്ച് യു.ഡി.എഫ് പറഞ്ഞതു തന്നെയാണ് ഈ രംഗത്തെ വിദഗ്ധരും പറയുന്നത്. 
നിയമസഭയില്‍ സംസാരിച്ചപ്പോള്‍ മണ്ണ് പരിശോധന പോലും നടത്തിയിട്ടില്ലെന്ന് പറഞ്ഞു. പത്ത് കോടിയുടെ പാലം പണിയണമെങ്കില്‍ പോലും മണ്ണ് പരിശോധിക്കും. കേരളത്തിന്റെ മണ്ണ് പല സ്ഥലത്തും പല രീതിയിലാണ്. മണ്ണ് പരിശോധിച്ചാല്‍ മാത്രമെ പൈലിങ് വേണമോ എന്ന് തീരുമാനിക്കാന്‍ സാധിക്കൂ. എംബാങ്ക്‌മെന്റ് പണിയാന്‍ ഇത് വേണ്ടേയെന്നു ചോദിച്ചു. അപ്പോള്‍ ലൂസായ മണ്ണാണ് ട്രെയിന്‍ മറിയുമെന്ന് ട്രോള്‍ ഇറക്കി. മണ്ണിന്റെ ഘടന പരിശോധിക്കാതെയാണ് ഡി.പി.ആര്‍ തയാറാക്കിയതെന്ന് റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ ഇവരുടെ സംശയം മാറിയല്ലോ. പഠിച്ചിട്ടാണ് യു.ഡി.എഫ് ഇതേക്കുറിച്ച് പറയുന്നത്. കേരള ചരിത്രത്തില്‍ ഇത്ര പഠനം നടത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനവും സമര രംഗത്തേക്ക് ഇറങ്ങിയിട്ടില്ല. അതിന്റെ ആത്മവിശ്വസത്തിലാണ് യു.ഡി.എഫ്. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ഏതെങ്കിലും ചോദ്യത്തിന് മറുപടി പറഞ്ഞോ?  തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് മറുപടി പറയാനാകില്ല. തട്ടിക്കൂട്ടിയ അബദ്ധ പഞ്ചാംഗമാണ് ഡി.പി.ആര്‍. ഇങ്ങനെയൊരു പദ്ധതി നടത്താന്‍ കേരളത്തിലെ ജനങ്ങള്‍ സമ്മതിക്കില്ല. പ്രതിപക്ഷം ഈ സമരം ഏറ്റെടുത്തിരിക്കുകയാണ്. കല്ല് പിഴുതെറിയുമെന്നത് നേരത്തെ പ്രഖ്യാപിച്ചതാണ്. ഇപ്പോള്‍ ജനങ്ങള്‍ പിഴുതെറിയുകയാണ്. മുഖ്യമന്ത്രി ഈ പദ്ധതി നടപ്പാക്കുമെന്നു പറഞ്ഞാല്‍ ആ ധാര്‍ഷ്ട്യത്തിന് പ്രതിപക്ഷം വഴങ്ങിക്കൊടുക്കില്ല. 

തിരുവനന്തപുരം ലോ കോളജ് കാമ്പസില്‍ പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിച്ചവര്‍ക്കെതിരെ ജാമ്യം കിട്ടുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രാത്രി 12 മണിക്ക് വാതില്‍ ചവിട്ടിപ്പൊളിച്ച് കുട്ടികള്‍ താമസിക്കുന്ന സ്ഥലത്ത് അടിയുണ്ടാക്കി. എന്നിട്ട് അടി കിട്ടിയവര്‍ക്ക് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസ്. അടിച്ചവര്‍ക്ക് ജാമ്യം കിട്ടുന്ന വകുപ്പ്. ഇതാണ് കേരളത്തിലെ പിണറായിയുടെ പൊലീസ്. മാടപ്പള്ളിയില്‍ സ്ത്രീയെയും കുട്ടിയെയും വലിച്ചിഴച്ചപ്പോള്‍ കേരളത്തിലെ വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും എവിടെപ്പോയി? കുട്ടിയുടെ കരച്ചില്‍ കേട്ട് കേരളം കരഞ്ഞു. എന്നിട്ടും അന്വേഷിക്കാന്‍ ആരെയും കണ്ടില്ലല്ലോ. എന്നിട്ട് അവര്‍ക്കെതിരെ കേസെടുത്തു. അതൊന്നും വിലപ്പോകില്ല. അതൊക്കെ ചെറുത്ത് നില്‍ക്കാനുള്ള കരുത്തുണ്ട്. യു.ഡി.എഫ് സമരക്കാരെ ചേര്‍ത്ത് നിര്‍ത്തും. അവരെ പൂര്‍ണമായും സംരക്ഷിക്കും. 
യു.ഡി.എഫ് ഭരണ കാലത്ത് ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ സി.പി.എം സമരം ചെയ്തില്ലേ?  വാതക പൈപ്പ് ലൈന്‍ ഭൂമിക്കടിയിലെ ബോംബ് ആണെന്ന് പറഞ്ഞ സി.പി.എം നേതാവ് ഇപ്പോഴത്തെ മന്ത്രിസഭയിലുണ്ട്. എന്നിട്ടാണ് ഗെയില്‍ പദ്ധതി നടപ്പാക്കിയെന്ന് ഊറ്റംകൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *