ആർ ഡി ഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവം വിജിലന്‍സ് അന്വേഷിക്കും : മന്ത്രി കെ.രാജന്‍ 

തിരുവനന്തപുരം :ആർ ഡി ഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ ശുപാര്‍ശ ചെയ്തു. അസ്വഭാവിക മരണങ്ങളുടെ ഇന്‍ക്വസ്റ്റ് സമയത്ത് തര്‍ക്കത്തിലുളള വാല്യുബിള്‍സും ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യമുളള വസ്തുക്കളും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ കസ്റ്റഡിയില്‍ സീല്‍ ചെയ്ത് സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന മുതലുകളില്‍ നിന്നും ചില തൊണ്ടി സാധനങ്ങള്‍ കുറവു കണ്ട സാഹചര്യത്തിലാണ് ചെസ്റ്റിലും ട്രഷറിയിലുമായി സൂക്ഷിച്ചിരുന്ന മുഴുവന്‍ തൊണ്ടിമുതലുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്.
ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വര്‍ണ്ണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്‍സിന് ശൂപാര്‍ശ നല്‍കിയത്. തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.ഡി.എം, ഡെപ്യൂട്ടി കളക്ടര്‍ എൽ .എ, ആർ.ഡി.ഒ എന്നിവരടങ്ങിയ വകുപ്പ് തല സംഘത്തോട് ഈ വിഷയം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന ലോക്കറിന്റെ കൈവശ ചുമതലയുള്ളത് സീനിയര്‍ സൂപ്രണ്ട് എന്ന ഉദ്യോഗസ്ഥനാണ്. 2010 മുതല്‍ 2019 വരെയുള്ള തൊണ്ടിമുതലുകളിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഈ കാലയളവില്‍ 26 സീനിയര്‍ സൂപ്രണ്ടുമാര്‍ ജോലി നോക്കി. പക്ഷേ പല ഘട്ടങ്ങളിലല്ലാതെ, ഒറ്റയടിക്കാവാം മോഷണമെന്നാണ് പ്രാഥമിക നിഗമനം. അതിനാല്‍ 2019നു ശേഷമാവാം മോഷണമെന്നാണ് സൂചന. അതുകൊണ്ട് 2019നു ശേഷമുള്ള അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്ത് തുടങ്ങിയിട്ടുണ്ട്. പേരൂര്‍ക്കട പോലീസിനെ കൂടാതെ എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്