സ്ത്രീധന പീഡകന് തടവറ ശിക്ഷ …. വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം കഠിനതടവും 12.5 ലക്ഷം പിഴയും

കൊല്ലം: വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം കഠിന തടവും 12.5 ലക്ഷം പിഴയും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304ബി, 306, 498 എ വകുപ്പുകള്‍ പ്രകാരമാണ് വിധി. വിധിയില്‍ തൃപ്തരല്ലെന്ന് വിസ്മയുടെ മാതാപിതാക്കള്‍ പറഞ്ഞു. ജീവപര്യന്തത്തിനായി മേല്‍ക്കോടതിയെ സമീപിക്കുമെന്നും അറിയിച്ചു. സ്ത്രീധന പീഡനത്തെത്തുടര്‍ന്നു വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. കൊല്ലം അഡിഷണ്‍ല്‍ സെഷന്‍സ് കോടതിയാണു വിധി പറഞ്ഞത്.വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐയും ആയിരുന്ന കിരണ്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി.ക
ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21ന് ഭര്‍ത്തൃ ഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിച്ചില്ലെന്നും പറഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ കിരണ്‍ കുമാര്‍ ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. 2020 മേയ് 30-നാണ് ബിഎഎംഎസ് വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍ കുമാര്‍ വിവാഹം കഴിച്ചത്.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് വിസ്മയയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്‍ തെളിവ് നിരത്തി വാദിച്ചു. ഇതിനായി വിസ്മയ അമ്മയ്ക്കും കൂട്ടുകാരിക്കും കിരണിന്റെ സഹോദരിക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
പ്രോസിക്യൂഷന് വേണ്ടി 42 സാക്ഷികളും 120 രേഖകളും ഫോണുകള്‍ ഉള്‍പ്പടെ 12 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും തെളിവായി എടുക്കാന്‍ കഴിയില്ല എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. വകുപ്പുതല അന്വേഷണത്തിന് ശേഷം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥനായാരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.