തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍; രോഗലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്‌

തൃശ്ശൂര്‍: തൃശൂരില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ മാരായ്ക്കലിലെ ആശാരിക്കാട് പ്രദേശത്തെ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയപ്പോഴാണ് രോഗിക്ക് വെസ്റ്റ് നൈല്‍ ഫീവര്‍ രോഗമാണെന്ന് ഡോക്്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. രോഗിയെ പരിച്ചരിക്കാന്‍ കുടെ നിന്ന രണ്ട് പേര്‍ക്ക് കൂടി പനി ഉള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം മാരായ്ക്കല്‍ സന്ദര്‍ശിച്ചു. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗം സ്ഥിരീകരിച്ച മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കും. രോഗവാഹകരായ ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യവും പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്.

പനി, തലവേദ, ഛര്‍ദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മ കുറവ് എന്നിവയ്ക്കും കാരണമാകും. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാല്‍ എത്രയും പെട്ടെന്ന് ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *