മുഖ്യമന്ത്രിയുടെ രാജിക്കായി ശക്തമായ കോണ്‍ഗ്രസ് പ്രതിഷേധം

തിരു:  നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന കറന്‍സി കടത്തലില്‍ മുഖ്യമന്ത്രിയുടെ പങ്ക്  വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ്,കളക്ട്രേറ്റ് മാര്‍ച്ചുകളില്‍ പ്രതിഷേധം ഇരമ്പി.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഒറ്റപ്പെട്ട് പെയ്ത മഴയിലും ആവേശം ഒട്ടും ചോരാതെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണിനിരന്നു.കോണ്‍ഗ്രസ് പ്രതിഷേധസമരത്തിന് നേരെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനം പലയിടത്തും സംഘര്‍ഷത്തില്‍ കലാശിച്ചു. കൊല്ലത്ത് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മിക്കജില്ലകളിലും പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനമില്ലാതെ പോലീസ് ജലപീരിങ്കി പ്രയോഗിച്ചു.നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് കായികമായി നേരിടാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.

സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ മൊഴി കളവാണെങ്കില്‍ മാനനഷ്ടകേസ് നല്‍കാനും സിആര്‍പിസി 340 പ്രകാരം അതേ കോടതിയില്‍ പരാതി നല്‍കി നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ഹസ്സന്‍ ചോദിച്ചു.

മുഖ്യമന്ത്രി കേസ് നല്‍കാന്‍ തയ്യാറാക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെന്നാണ്.ആരോപണത്തെ നിയമപരമായി നേരിടാനുള്ള ധാര്‍മികത മുഖ്യമന്ത്രി കാട്ടണം.   രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്ന സിപിഎം എന്തുക്കൊണ്ട് നിയമനടപടിക്ക് തയ്യാറാകുന്നില്ല. കോടതിയില്‍ മൊഴി നല്‍കിയ സ്വപ്നയെ വിരട്ടാന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ പോലീസ് ഉദ്യോഗസ്തരെയാണ് നിയോഗിച്ചത്. നിഷ്പക്ഷമായ അന്വേഷണം ഈ കേസില്‍ പ്രതീക്ഷിക്കാനാവില്ല. ജയരാജന്‍മാരും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന ത്രിമൂര്‍ത്തി സംഘത്തെ കേസ് അന്വേഷിക്കാനുള്ള ചുമതല കൈമാറിയാല്‍ പോരായിരുന്നോയെന്നും ഹസ്സന്‍ പരിഹസിച്ചു. സ്വപ്‌ന നല്‍കിയ 164 മൊഴി പ്രകാരം മുഖ്യമന്ത്രിക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കാന്‍ വകുപ്പുകള്‍ ഉണ്ടായിരുന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ അതിന് തയ്യാറാകാതിരുന്നതും അദ്ദേഹത്തിന് ക്ലീന്‍ചീറ്റ് നല്‍കിയതിന് പിന്നിലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണെന്നും ഹസ്സന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധ മാര്‍ച്ചില്‍ കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന്‍, ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ജിഎസ്.ബാബു,ജി.സുബോധന്‍,കെപി ശ്രീകുമാര്‍ ഡിസിസി പ്രസിഡന്റ് പാലോട് രവി, അടൂര്‍പ്രകാശ് എംപി,വിഎസ് ശിവകുമാര്‍,വര്‍ക്കല കഹാര്‍,ശത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എംഎല്‍എ ഹോസ്റ്റലിന് മുന്നിലെ ആശാന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

മുഖ്യമന്ത്രിക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയവരെ സര്‍ക്കാര്‍ വിരട്ടുകയാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളാണ് സ്വപ്‌നയുടെ മൊഴിയിലുള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എറണാകുളത്ത്  പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പറഞ്ഞു. ഇനിയാരും മൊഴിനല്‍കാതിരിക്കാനാണ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് വിരട്ടുന്നത്. സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. മുഖ്യമന്ത്രി അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പദവിയില്‍ നിന്നും മാറിനില്‍ക്കണമെന്നും സതീശന്‍  കൂട്ടിച്ചേര്‍ത്തു.

ശരിയായ അന്വേഷണം നടന്നാല്‍ ‘ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് മുഖ്യമന്ത്രി പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല ആലപ്പുഴയിലെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി.സമരം ചെയ്താല്‍ കെപിസിസി പ്രസിഡന്റിനെതിരെ കേസ് എടുക്കുമെന്ന് പൊലിസ് നോട്ടീസ് നല്‍കിയത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പൊലീസ് രാജിനെ കോണ്‍ഗ്രസ് നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്നും ഒരു മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് വരുന്നത് രാജ്യത്ത് ആദ്യമാണെന്നും കൊല്ലത്ത് കെ.മുരളീധരന്‍ എംപി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പറഞ്ഞു.

കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി,കണ്ണൂരില്‍ എം.ലിജു,കോഴിക്കോട്  എപി അനില്‍കുമാര്‍,മലപ്പുറത്ത് പിസി വിഷ്ണുനാഥ് എംഎല്‍എ,വയനാട് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ,തൃശ്ശൂര്‍ ബെന്നി ബഹനാന്‍ എംപി,പാലക്കാട്  വികെ ശ്രീകണ്ഠന്‍ എംപി,കോട്ടയം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ,പത്തനംതിട്ടയില്‍ കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം,ഇടുക്കി ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവരും കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *