ദേശാഭിമാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍

തിരുവനന്തപുരം: സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അംബേദ്കര്‍ ദിനത്തില്‍ നിയമസഭയില്‍ നടന്ന പുഷ്പാര്‍ച്ചനയുടെ വാര്‍ത്തയില്‍ നിന്ന് ഗോപകുമാറിന്റെ പേരും ചിത്രവും ഒഴിവാക്കിയെന്നാണ് പരാതി. പത്രത്തിലെ വാര്‍ത്തയില്‍ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കി സിപിഐ പ്രതിനിധിയായതിനാലാണോ ഒഴിവാക്കിയതെന്ന് ഗോപകുമാര്‍ ചോദിക്കുന്നു.’ഇത് ഏപ്രില്‍ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാര്‍ത്തയുമാണ്. ഏപ്രില്‍ 14 ന് അംബേദ്ക്കര്‍ ദിനത്തില്‍ നിയമസഭയില്‍ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുവാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്ന നിലയില്‍ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവന്‍കുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാര്‍ഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാര്‍ച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഒഴിവാക്കി. ഇതാണോ സാമൂഹ്യനീതി? ഇതാണോ സമത്വം ? ഞാന്‍ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?,’ ഗോപകുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ഭരണഘടനാ ശില്പിയായ ബി ആര് അംബേദ്ക്കറുടെ 130ാം ജന്മവാര്‍ഷികമായ ഏപ്രില്‍ 14 ന് നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്ച്ചനയുണ്ടായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്, വി ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്നായിരുന്നു പുഷ്പാര്‍ച്ചന നടത്തി. എന്നാല്‍ ദേശാഭിമാനി പത്രം നല്കിയ വാര്‍ത്തയില്‍ കൊടുത്ത ഫോട്ടോയില്‍ കെ രാധാകൃഷ്ണനും വി ശിവന് കുട്ടിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.