വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാരും ചെയര്‍മാനുമായി നടക്കുന്ന പോര് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചു

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരും ചെയര്‍മാനുമായി നടക്കുന്ന പോര് പരിഹരിക്കാന്‍ സര്‍ക്കാര്‍ തല നീക്കമാരംഭിച്ചു. ഏപ്രില്‍ 12ന് തലസ്ഥാനത്ത് എത്തുന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ചര്‍ച്ച നടത്തും. പോര് സര്‍ക്കാറിന് നാണക്കേടായ സാഹചര്യത്തിലാണ് ഇത്. ചെയര്‍മാന്‍ ബി. അശോകും ഓഫിസേഴ്‌സ് അസോസിയേഷന്‍ നേതാക്കളും ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് അറിയിച്ചു.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും തലസ്ഥാനത്ത് എത്തും. പ്രശ്‌നങ്ങളുടെ വിശദാംശങ്ങള്‍ ഇതിനകം തന്നെ അദ്ദേഹം ആരാഞ്ഞിട്ടുണ്ട്.

ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇടത് സംഘടനയിലെ മൂന്ന് നേതാക്കള്‍ സസ്‌പെന്‍ഷനിലായത് സംഘടനയെ ഞെട്ടിച്ചു. അനധികൃത അവധിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടി അസോസിയേഷന്‍ നേതാവും എക്‌സിക്യൂട്ടിവ് എന്‍ജിനീയറുമായ ജാസ്മിന്‍ ബാനുവിനാണ് ആദ്യം സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഈ വിഷയത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ലഭിച്ച സുരേഷ്‌കുമാറും ഹരികുമാറും. കൂടുതല്‍ പേര്‍ക്കെതിരെ നടപടി വന്നേക്കും.

ചെയര്‍മാനെതിരെ ഓഫിസര്‍മാര്‍ വെള്ളിയാഴ്ചയും കരിദിനം ആചരിച്ച് സസ്‌പെന്‍ഷന്‍ ഉത്തരവുകള്‍ കത്തിച്ചു. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കും. 19ന് 1500 ലേറെ ജീവനക്കാര്‍ പങ്കെടുക്കുന്ന പ്രതിഷേധ സംഗമവും നടത്തും.

പരിഹാരമുണ്ടായില്ലെങ്കില്‍ നിസ്സഹകരണ സമരത്തിലേക്ക് പോകുമെന്നും ചട്ടപ്പടി ജോലിയിലേക്ക് മാറേണ്ടി വരുമെന്നും നേതാക്കള്‍ അറിയിച്ചു. വ്യാഴാഴ്ച ബോര്‍ഡിലെ ചില ഇടപാടുകള്‍ക്കെതിരെ നേതാക്കള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാെലയാണ് ഹരികുമാറിന് സസ്‌പെന്‍ഷന്‍.

സി.ഐ.ടി.യു നേതാവ് എളമരം കരീം, മുന്‍മന്ത്രി എം.എം. മണി എന്നിവര്‍ വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ബോര്‍ഡ് ആസ്ഥാനത്തെ യോഗത്തിലേക്ക് തള്ളിക്കയറിയ മുഴുവന്‍ പേരെയും പിരിച്ചുവിടുമെന്ന തരത്തില്‍ വാര്‍ത്ത വെന്നങ്കിലും അത് കെ.എസ്.ഇ.ബി ചെയര്‍മാന്‍ തള്ളി. ഇത് വസ്തുതാവിരുദ്ധമാണെന്നും സമരത്തിന്റെ മറവില്‍ അക്രമം നടത്തുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ് തീരുമാനിച്ചതെന്നും പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *